ജിദ്ദ- സമസ്തയും മുസ്ലിം ലീഗും തമ്മിൽ പരിഹരിക്കാനാകാത്ത ഒരു പ്രശ്നവുമില്ലെന്നും നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ തീർക്കാനാകുമെന്നും മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റും സമസ്ത ആദർശ സംരക്ഷണ സമിതി വർക്കിംഗ് ചെയർമാനുമായ പി.എ ജബ്ബാർ ഹാജി അഭിപ്രായപ്പെട്ടു. ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയും മുസ്ലിം ലീഗും രണ്ടു സംഘടനകളാണ്. അതുകൊണ്ടു തന്നെ ഇരുസംഘടനകൾക്കും ഇടയിൽ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. നേരത്തെയും ഇത്തരത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. എല്ലാം അതിവേഗം പരിഹരിക്കാറുമുണ്ട്. സമാനമായ രീതിയിൽ നിലവിലുള്ള പ്രശ്നവും വൈകാതെ അവസാനിക്കും. ഈ മാസം 11ന് സമസ്ത യോഗമുണ്ട്. അതിന് മുമ്പു തന്നെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും ജബ്ബാർ ഹാജി പ്രത്യാശ പ്രകടിപ്പിച്ചു.
സമസ്തയിലെ വിരലിൽ എണ്ണാവുന്ന ചിലരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം ദിനപത്രത്തിൽ വന്ന പരസ്യം സംഘടന തത്വത്തിന് വിരുദ്ധമായിരുന്നു. സമസ്തയും ലീഗും തമ്മിൽ ആദ്യകാലം മുതലേ നിലവിലുള്ള മികച്ച ബന്ധം മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ഓരോ ജില്ലകളിലും വിശദീകരണ സമ്മേളനം നടത്തുമെന്നും ജബ്ബാർ ഹാജി പറഞ്ഞു.
മുൻകാലങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം വൈകാതെ പരിഹരിക്കുകയും ചെയ്യാറുണ്ട്. സമസ്ത മുശാവറ മെമ്പർ സ്ഥാനത്തുനിന്ന് മുക്കം ഉമ്മർ ഫൈസിയെ മാറ്റണമെന്നാണ് സമസ്ത ആദർശ സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. സമസ്തയെ ഹൈജാക്ക് ചെയ്ത് ചിലർ പ്രവർത്തിക്കുന്നതാണ് പ്രശ്നങ്ങളുടെ കാതൽ. സമസ്തയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും അറിയാതെ ചിലർ നടത്തുന്ന വിവാദ പ്രസ്താവനകൾ അതിരുവിടുന്നുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കീഴിൽ ഖാസി ഫൗണ്ടേഷൻ രൂപീകരിച്ചതിൽ തെറ്റില്ലെന്നും നല്ല ലക്ഷ്യത്തോടെയാണ് ഖാസി ഫൗണ്ടേഷൻ രൂപീകരിച്ചതെന്നും വ്യക്തമാക്കിയ ജബ്ബാർ ഹാജി, സമസ്ത നേതാക്കളുടെ അനുമതിയോടെയാണ് ഖാസി ഫൗണ്ടേഷൻ ആരംഭിച്ചതെന്നും പറഞ്ഞു.
ആരുടെയും പേരിൽ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ല. പാണക്കാട് തങ്ങളെ അധിക്ഷേപിച്ച മുക്കം ഉമ്മർ ഫൈസിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ആവശ്യം. സമസ്തക്ക് പോറൽ ഏൽപ്പിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. 2016-ലാണ് ഷജറത്തു ത്വയ്ബ എന്ന പ്രത്യേക ഗ്രൂപ്പ് സമസ്തയിലെ ഒരു വിഭാഗം ഉണ്ടാക്കുന്നത്. ലീഗിനെ എതിർക്കുകയാണ് ഇവരുടെ ലക്ഷ്യം. പൊന്നാനിയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ഈ വിഭാഗം വലിയ ശ്രമം നടത്തി. പാലക്കാട്ടും യു,ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താനുള്ള നീക്കം നടത്തിയെന്നും ജബ്ബാർ ഹാജി ആരോപിച്ചു. രാജ്യത്ത് വർഗീയത ഉണ്ടാക്കുന്ന കണ്ടന്റ് ആയിരുന്നു പാലക്കാട് തെരഞ്ഞെടുപ്പ് പശ്ചാതലത്തിൽ സുപ്രഭാതം പത്രം പ്രസിദ്ധീകരിച്ച പരസ്യത്തിലുണ്ടായിരുന്നത്. ഇത് സമസ്തയുടെ നിലപാടല്ല. ചന്ദ്രിക നിലനിൽക്കെ തന്നെയാണ് സുപ്രഭാതത്തെ മുസ്ലിം ലീഗ് പ്രോത്സാഹിപ്പിച്ചതെന്നും ജബ്ബാർ ഹാജി പറഞ്ഞു.