കയ്‌റോ – നൂറു കണക്കിന് ഈജിപ്ഷ്യന്‍ ഹജ് തീര്‍ഥാടകരെ കബളിപ്പിച്ച ഏതാനും ടൂറിസം കമ്പനികള്‍ക്കെതിരെ സത്വര അന്വേഷണത്തിന് ഈജിപ്ഷ്യന്‍ ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ഈസ ഉത്തരവിട്ടു. ഈ സ്ഥാപനങ്ങള്‍ നിയമ വിരുദ്ധമായി ഹാജിമാരെ സന്ദര്‍ശന വിസയില്‍ സൗദിയിലേക്ക് അയക്കുകയായിരുന്നു. ഇത് ഈജിപ്ഷ്യന്‍ ഹജ് തീര്‍ഥാടകര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. നിയമ ലംഘനങ്ങള്‍ നടത്തിയതായി തെളിയുന്ന ടൂറിസം കമ്പനികള്‍ക്കെതിരെ പിഴയും തടവും ലൈസന്‍സ് റദ്ദാക്കലും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹജ് വിസകള്‍ ലഭിക്കാതിരുന്ന നിരവധി ഈജിപ്തുകാരെയാണ് ഹജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കി നല്‍കുമെന്ന് വാദിച്ച് ടൂറിസം കമ്പനികള്‍ വിസിറ്റ് വിസയില്‍ സൗദിയിലേക്ക് അയച്ചത്. ഇവരുടെ മടക്കയാത്രാ തീയതി നിര്‍ണയിച്ചത് ഹജ് സീസണ്‍ അവസാനിച്ച ശേഷം ജൂലൈയിലായിരുന്നു. ഇത് ശിക്ഷ ലഭിക്കുന്ന നിയമ ലംഘനമാണ്. ടൂറിസം കമ്പനികള്‍ക്കെതിരായ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നാണ് കരുതുന്നത്.
ഹജ് നിയമങ്ങള്‍ക്ക് വിരുദ്ധമായി വിസിറ്റ് വിസയില്‍ ഹാജിമാരെ സൗദിയിലേക്ക് അയച്ചതിന്റെ ഫലമായി ഇത്തവണ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി ടൂറിസം, പുരാവസ്തു മന്ത്രാലയത്തിലെ ഹജ് കമ്മിറ്റി അംഗം ബാസില്‍ അല്‍സീസി പറഞ്ഞു. ഹജ് നിര്‍വഹിക്കാനുള്ള ചിലയാളുകളുടെ ആഗ്രഹം ചൂഷണം ചെയ്ത് ചില വ്യാജ കമ്പനികള്‍ ഇവരെ വന്‍തുക ഈടാക്കി സൗദിയിലേക്ക് കയറ്റിവിട്ട ശേഷം കൈയൊഴിയുകയായിരുന്നു. ഹജ് പെര്‍മിറ്റില്ലാത്തവര്‍ക്ക് സൗദി അറേബ്യ മക്കയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹജുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ സുവ്യക്തമായിരുന്നു. തീര്‍ഥാടകരെ കബളിപ്പിക്കുന്ന ലൈസന്‍സില്ലാത്ത വ്യാജ സ്ഥാപനങ്ങള്‍ ഇല്ലാതാക്കണമെന്ന് ബാസില്‍ അല്‍സീസി ആവശ്യപ്പെട്ടു.
ഹജ്, ഉംറ ഏകീകൃത ഈജിപ്ഷ്യന്‍ പോര്‍ട്ടല്‍ നിയമം അനുസരിച്ച് നിയമ വിരുദ്ധമായി ഹജ് യാത്രകള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് പത്തു ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ടു മുതല്‍ 30 ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ടു വരെ പിഴ ലഭിക്കും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. കൂടാതെ നിയമ ലംഘനം നടത്തുന്ന ടൂറിസം കമ്പനികള്‍ക്ക് ആദ്യ തവണ ഒരു വര്‍ഷത്തില്‍ കവിയാത്ത കാലത്തേക്ക് പ്രവര്‍ത്തന വിലക്കുമേര്‍പ്പെടുത്തും. നിയമ ലംഘനം ആവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാനും നിയമം അനുശാസിക്കുന്നു.