ജിദ്ദ – ഈ വര്‍ഷം ആദ്യത്തെ ഏഴു മാസക്കാലത്ത് സൗദിയില്‍ ഒന്നേമുക്കാല്‍ കോടി വിദേശ ടൂറിസ്റ്റുകള്‍ എത്തിയതായി ഇതുമായി ബന്ധപ്പെട്ട യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സൗദിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ശ്രദ്ധേയമായ നിലക്ക് ഉയര്‍ന്നു. ജി-20 രാജ്യങ്ങളില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വിദേശ വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തിലും ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് സൗദി അറേബ്യയിലാണ്. കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പ് 2019 ജനുവരി മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യത്തെ ഏഴു മാസക്കാലത്ത് സൗദിയില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 73 ശതമാനം തോതിലും വിദേശ വിനോദസഞ്ചാരികള്‍ വഴിയുള്ള വരുമാനം 207 ശതമാനം തോതിലും ഉയര്‍ന്നു.
2019 നെ അപേക്ഷിച്ച് 2023 ല്‍ സൗദിയില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 56 ശതമാനം തോതില്‍ വര്‍ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലോകത്ത് വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് സൗദിയിലായിരുന്നു. ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ 48 ബില്യണ്‍ റിയാല്‍ മിച്ചം നേടി. ടൂറിസം മേഖലാ ധനവിനിയോഗ മിച്ചം കഴിഞ്ഞ വര്‍ഷം 38 ശതമാനം തോതില്‍ വര്‍ധിച്ചു.
കഴിഞ്ഞ കൊല്ലം സൗദിയില്‍ വിനോദസഞ്ചാരികളുടെ എണ്ണം 10.9 കോടിയായി ഉയര്‍ന്നിരുന്നു. ഇതില്‍ 2.7 കോടിയിലേറെ പേര്‍ വിദേശ ടൂറിസ്റ്റുകളും ശേഷിക്കുന്നവര്‍ ആഭ്യന്തര ടൂറിസ്റ്റുകളുമായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 2.74 കോടി സന്ദര്‍ശകരും ടൂറിസ്റ്റുകളുമാണ് കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയത്. വിദേശ ടൂറിസ്റ്റുകള്‍ 14,120 കോടി റിയാല്‍ (3,765 കോടി ഡോളര്‍) സൗദിയില്‍ ചെലവഴിച്ചു. വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തില്‍ കഴിഞ്ഞ കൊല്ലം 44 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞ കൊല്ലം ഏറ്റവുമധികം സന്ദര്‍ശകര്‍ എത്തിയത് ബഹ്‌റൈനില്‍ നിന്നാണ്. ബഹ്‌റൈനില്‍ നിന്ന് 34 ലക്ഷം സന്ദര്‍ശകര്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള ഈജിപ്തില്‍ നിന്ന് 26 ലക്ഷം സന്ദര്‍ശകരും മൂന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനില്‍ നിന്ന് 25 ലക്ഷം സന്ദര്‍ശകരും നാലാം സ്ഥാനത്തുള്ള കുവൈത്തില്‍ നിന്ന് 23 ലക്ഷം സന്ദര്‍ശകരും അഞ്ചാം സ്ഥാനത്തുള്ള ഇന്തോനേഷ്യയില്‍ നിന്ന് 18 ലക്ഷം സന്ദര്‍ശകരും കഴിഞ്ഞ വര്‍ഷം സൗദിയിലെത്തി.
കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയ ആകെ സന്ദര്‍ശകരില്‍ 42 ശതമാനവും ഹജ്, ഉംറ, മദീന സിയാറത്ത് ലക്ഷ്യങ്ങളോടെയാണ് രാജ്യത്തെത്തിയത്. 23 ശതമാനം പേര്‍ വിനോദത്തിനും അവധിക്കാലം ചെലവഴിക്കാനും ഷോപ്പിംഗിനും സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ വീക്ഷിക്കാനും 23 ശതമാനം പേര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനും ഏഴു ശതമാനം പേര്‍ ബിസിനസ് ആവശ്യങ്ങള്‍ക്കും അഞ്ചു ശതമാനം പേര്‍ മറ്റു ആവശ്യങ്ങള്‍ക്കുമാണ് സൗദിയിലെത്തിയത്.
വിദേശ സന്ദര്‍ശകരും ടൂറിസ്റ്റുകളും സൗദിയിലെ ഹോട്ടലുകളില്‍ 43.23 കോടി രാത്രികള്‍ തങ്ങി. സന്ദര്‍ശകര്‍ ശരാശരി 15.8 രാത്രി തോതിലാണ് ഹോട്ടലുകളില്‍ തങ്ങിയത്. 44 ശതമാനം ടൂറിസ്റ്റുകളുടെ സൗദിയിലെ ശരാശരി താമസകാലയളവ് എട്ടു മുതല്‍ 14 ദിവസം വരെയായിരുു. സന്ദര്‍ശകരില്‍ 57 ശതമാനവും ഹോട്ടലുകളിലാണ് തങ്ങിയത്. 21 ശതമാനം പേര്‍ സ്വകാര്യ താമസസ്ഥലങ്ങളിലും 19 ശതമാനം പേര്‍ ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളിലും മൂന്നു ശതമാനം പേര്‍ മറ്റിടങ്ങളിലും തങ്ങി.
കഴിഞ്ഞ വര്‍ഷം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ 8.19 കോടി സന്ദര്‍ശനങ്ങള്‍ നടത്തി. ഇവര്‍ ആകെ 11,440 കോടി റിയാല്‍ ചെലവഴിച്ചു. 2022 നെ അപേക്ഷിച്ച് 2023 ല്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം അഞ്ചു ശതമാനം തോതിലും ആഭ്യന്തര ടൂറിസ്റ്റുകളുടെ ധനവിനിയോഗം ഏഴു ശതമാനം തോതിലും ഉയര്‍ന്നു.
ആഭ്യന്തര ടൂറിസ്റ്റുകളില്‍ സ്വദേശികള്‍ 6.53 കോടി സന്ദര്‍ശനങ്ങളും വിദേശികള്‍ 1.66 കോടി സന്ദര്‍ശനങ്ങളും നടത്തി. ആഭ്യന്തര ടൂറിസ്റ്റുകളുടെ ആകെ ധനവിനിയോഗത്തില്‍ 9,590 കോടി റിയാല്‍ സ്വദേശികളുടെയും 1,850 കോടി റിയാല്‍ വിദേശികളുടെയും സംഭാവനയുമായിരുന്നു.