ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വൻ ജനപങ്കാളിത്തം കൊണ്ടും സാമൂഹിക സാംസ്‌കാരിക വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. ഖാലിദ് ബിൻ വലീദ് റോഡിലുള്ള എലഗന്റ് പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിൽ നിരവധി കുടുംബങ്ങൾ ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. ഒ.ഐ.സി.സി റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഇഫ്താർ സംഗമം മുഖ്യാതിഥിയായ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

കലുഷിതമായ വർത്തമാന കാലത്ത് അതിർവരമ്പുകളില്ലാതെ ആയിരങ്ങൾ സ്നേഹവും സൗഹാർദ്ദവും പങ്കിടുന്ന ഇഫ്താർ സംഗമങ്ങളും കൂടിച്ചേരലുകളും ഏറെ ശ്ലാഘനീയവും അഭിനന്ദനാർഹവുമാണ്. പ്രവാസലോകത്തും യു.ഡി.എഫ് സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കെ.എം.സി.സി ഗ്ലോബൽ പ്രസിഡന്റും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെപി മുഹമ്മദ് കുട്ടി, അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് വൈ. പ്രസിഡണ്ട് ഡോ. അഹമ്മത് ആലുങ്ങൽ, ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാമുദ്ധീൻ, ലുലു ഗ്രൂപ്പ് റീജ്യണൽ മാനേജർ സമീർ ചാത്തോളി, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ അരിമ്പ്ര എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആസാദ് പോരൂർ സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.

ഇഫ്താർ സംഗമത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒ.ഐ.സി.സി റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ, നാഷണൽ കമ്മിറ്റി ഭാരവാഹികൾ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, വിവിധ ജില്ലാ,ഏരിയ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.