ദമ്മാം : മുതിർന്ന കോണ്ഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായിരുന്ന ശ്രീ ആര്യാടൻ മുഹമ്മദിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ഓഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഏഴ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിലൂടെ കേരളരാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്നിരുന്ന ശ്രീ ആര്യാടൻ മുഹമ്മദ് പുതു തലമുറക്ക് എന്നും മാതൃകയാക്കാവുന്ന നേതാവായിരുന്നു എന്ന് ദമ്മാം ബദർ അൽ റാബി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗം വിലയിരുത്തി.
ഹ്രസ്വ സന്ദർശനാർത്ഥം ദമമാമിലെത്തിയ കെപിസിസി സെക്രട്ടറി കെ. പി. നൌഷാദലി മുഖ്യപ്രഭാഷണം നടത്തി. ഒരു മികച്ച രാഷ്ട്രീയ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ നേതാവായിരുന്നു ശ്രീ ആര്യാടൻ മുഹമ്മദ് എന്ന് കെ. പി നൌഷാദലി പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവിന് വേണ്ട നയചതുര്യങ്ങൾ, തന്ത്രങ്ങൾ, ഏകോപനങ്ങൾ, ശൈലികൾ തുടങ്ങിയവയെല്ലാം ക്രമപ്പെടുത്താൻ ശ്രീ ആര്യാടൻ മുഹമ്മദിന് സാധിച്ചു എന്നത് അദ്ദേഹത്തിന്റെ ഒരു വലിയ നേട്ടമായിരുന്നു. വലിയ കർമ്മകുശലതയുള്ള നേതാവായിരുന്ന ശ്രീ ആര്യാടൻ പാവങ്ങളുടെയും ആദിവാസികളുടെയും തൊഴിലാളികളുടെയും ഇടയിൽ അവിശ്രമം കഷ്ടപ്പെട്ട് പാർട്ടി പ്രവർത്തനം നടത്തിയാണ് ആളുകളുടെ മനസ്സിൽ ഇടം പിടിച്ചത്.ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച നേതാവായിരുന്ന ശ്രീ. ആര്യാടൻ മുഹമ്മദ് ഒരു തികഞ്ഞ മതേതര വാദിയും വർഗ്ഗീയതയെ അങ്ങേയറ്റം എതിരത്തിരുന്ന നേതാവുമായിരുന്നു.
അദ്ദേഹത്തിലൂടെയാണ് കോണ്ഗ്രസ് പ്രസ്ഥാനം മലബാറില്‍ വിശിഷ്യ മലപ്പുറം ജില്ലയില്‍ വേരൂന്നിയത്. മലപ്പുറം ജില്ല രൂപീകൃതമായപ്പോള്‍ ഡിസിസി പ്രസിഡണ്ട് ആരെന്ന ചോദ്യത്തിന് ആര്യാടന്‍ എന്നല്ലാതെ മറ്റൊരുത്തരമുണ്ടായിരുന്നില്ല. അങ്ങിനെയാണ് കോഴിക്കോട് ജില്ലാ ഡിസിസി ജനറൽ സെക്രട്ടറി ആയിരുന്ന അദ്ദേഹം മലപ്പുറം ജില്ലയിലെ ആദ്യ ജില്ലാ കോണ്ഗ്രസ് പ്രസിഡണ്ട് ആവുന്നത്. പിന്നീട് മലപ്പുറത്തിന്റെയും മലബാറിന്റെയും സുല്‍ത്താനായി അദ്ദേഹം മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്.
നാല് പ്രാവശ്യം മന്ത്രിയായിട്ടുള്ള ശ്രീ ആര്യാടന്‍ എട്ടു തവണ തുടര്‍ച്ചയായി നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് ജയിച്ച് നിയമസഭയില്‍ എത്തിയത്. മണ്ഡലത്തിലെ എന്നല്ല സംസ്ഥാനത്തെ ഏതൊരള്‍ക്കും എന്ത് സഹായവും തേടി ഏത് പാതിരാത്രിയിലും ചെന്ന് മുട്ടാവുന്ന വാതിലായിരുന്നു ശ്രീ.ആര്യാടന്‍. അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തെ കുഞ്ഞാക്ക എന്ന് നിലമ്പൂര്‍കാര്‍ വിളിച്ചിരുന്ന പേര് കേരളമാകെ ഏറ്റെടുത്തത്.
ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് ഷാഹിദ് കൊടിയേങ്ങൽ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ദമ്മാം റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് ഇ. കെ. സലീം ഉദ്ഘാടനം ചെയ്തു. ഓഐസിസി ഗ്ലോബൽ കമ്മിറ്റി അംഗവും കെപിസിസി മെമ്പറുമായ അഹമ്മദ് പുളിക്കൽ എന്ന വെല്യാപ്പൂക്ക, ഗ്ലോബൽ കമ്മിറ്റി അംഗം സി. അബ്ദുൽ ഹമീദ്, റീജണൽ കമ്മിറ്റി സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം നാഷണൽ കമ്മിറ്റി അംഗം റഫീക്ക് കൂട്ടിലങ്ങാടി എന്നിവർ ശ്രീ. ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ചു. . ജില്ലാ കമ്മിറ്റി സംഘടനാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ട്രഷറർ ഷൌക്കത്ത്അലി വെള്ളില നന്ദിയും പറഞ്ഞ അനുസ്മരണ യോഗത്തിന് റീജണൽ വൈസ് പ്രസിഡണ്ട് ഷിജില ഹമീദ്, ജനറൽ സെക്രട്ടറി അൻവർ വണ്ടൂർ, സെക്രട്ടറി ആസിഫ് താനൂർ, ജില്ലാ വൈസ് പ്രസിഡണ്ട്മാരായ റസാക്ക് നഹ, അഷ്റഫ് കൊണ്ടോട്ടി, ജനറൽ സെക്രട്ടറിമാരായ അബ്ദുള്ള തൊടിക, നഫീർ തറമ്മേൽ,സെക്രട്ടറിമാരായ സിദ്ദീഖ്, റഫീഖ്.പി. കെ. എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് മുസ്തഫ, നവാസ് വെള്ളിയങ്ങര,അബ്ദുൽ സലാം,ജയേഷ് തുടങ്ങിയവർ നേതൃത്വം നല്കി. ഗ്ലോബൽ കമ്മിറ്റി അംഗം സിറാജ് പുറക്കാട്,റിയാദ് റീജണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലീം കളക്കര, റിയാദ് മലപ്പുറം ജില്ലാ ട്രഷറർ സാദിഖ്, തുടങ്ങിയവരും മറ്റിതര ജില്ലാ, ഏരിയ,വനിതാ കമ്മിറ്റി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.