ജിദ്ദ – ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ഇസ്രായില്‍ തുടരുന്ന ക്രൂരമായ കുറ്റകൃത്യങ്ങളെയും നിയമ ലംഘനങ്ങളെയും കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ ആവശ്യപ്പെട്ടു. വധിക്കല്‍, പീഡനം, പട്ടിണിക്കിടല്‍, ബലാത്സംഗം, ഒറ്റപ്പെടുത്തല്‍, നിര്‍ബന്ധിത തിരോധാനം തുടങ്ങിയ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഫലസ്തീന്‍ തടവുകാര്‍ക്കു നേരെ ഇസ്രായില്‍ നടത്തുന്നത്. ഇത് നിയമ സ്ഥാപനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായിലിന്റെ കൊടും പീഡനങ്ങള്‍ കാരണം 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ പതിനെട്ടു തടവുകാര്‍ ഇസ്രായിലി ജയിലുകളില്‍ വീരമൃത്യുവരിച്ചു. ഇവര്‍ക്കു പുറമെ ഡസന്‍ കണക്കിന് തടവുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ ഇസ്രായില്‍ പുറത്തുവിട്ടിട്ടില്ല. ഫലസ്തീനികളെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് ഇസ്രായില്‍ തുടരുന്നതിനെ ഒ.ഐ.സി രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ഇസ്രായിലി ജയിലുകളിലെ ഫലസ്തീന്‍ തടവുകാരുടെ എണ്ണം 9,700 ലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 80 പേര്‍ വനിതകളും 52 പേര്‍ മാധ്യമപ്രവര്‍ത്തകരും 250 ലേറെ പേര്‍ കുട്ടികളുമാണ്. 3,380 പേരെ യാതൊരുവിധ ആരോപണവും ഉന്നയിക്കാതെയും വിചാരണ ചെയ്യാതെയുമാണ് തടവിലിട്ടിരിക്കുന്നത്.
600 ഓളം തടവുകാര്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു. ഇസ്രായില്‍ ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ക്കെതിരായ ക്രൂരമായ പീഡനങ്ങളെയും തടവുകാര്‍ കഴിയുന്ന മനുഷ്യത്വരഹിതമായ സാഹചര്യങ്ങളെയും കുറിച്ച് അന്താരാഷ്ട്ര സമൂഹം അടിയന്തിര അന്വേഷണം നടത്തണം. ഇസ്രായില്‍ നടത്തുന്നത് യുദ്ധക്കുറ്റങ്ങളും മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുമാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും മനുഷ്യാവകാശ ചാര്‍ട്ടറും മറ്റു ബന്ധപ്പെട്ട അന്താരാഷ്ട്ര ചാര്‍ട്ടറുകളും അനുശാസിക്കുന്ന മാനദണ്ഡങ്ങളുടെയും വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണിത്.
അന്താരാഷ്ട്ര ചാര്‍ട്ടറുകള്‍ അനുശാസിക്കും പ്രകാരം ഫലസ്തീനി തടവുകാരെ കൈകാര്യം ചെയ്യാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കാനും ഇക്കാര്യത്തില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സ്ഥാപനങ്ങളോടും ഒ.ഐ.സി ആവശ്യപ്പെട്ടു. ഫലസ്തീന്‍ തടവുകാരുടെ അവകാശങ്ങള്‍ക്കുള്ള പിന്തുണയും ഐക്യദാര്‍ഢ്യവും ഒ.ഐ.സി പ്രഖ്യാപിച്ചു. ഫലസ്തീനി തടവുകാര്‍ക്ക് സ്വാതന്ത്ര്യവും നീതിയും നേടിക്കൊടുക്കാനും അവരുടെ സന്ദേശവും ദുരിതങ്ങളും അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കാനും പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ഒ.ഐ.സി ആവര്‍ത്തിച്ചു.