റിയാദ് : പക്ഷാഘാതം ബാധിച്ച് കിടപ്പിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചന്ദ്രശേഖരന് കരുതലും കാവലുമായി ഹുറൈമല ജനറല്‍ ആശുപത്രിയിലെ മലയാളി നേഴ്സുമാര്‍ മാതൃകയായി. റിയാദിലെ മല്‍ഹം പ്രദേശത്തെ ഒരു സ്വകാര്യ കമ്പനിയില്‍ പ്രൊഡക്ഷന്‍ ഡിസൈനിംങ്ങ് സൂപ്പര്‍വൈസറായി കഴിഞ്ഞ എട്ടു മാസം മുമ്പ് ജോലിക്കെത്തിയ ചന്ദ്രശേഖരനെയാണ് പക്ഷാഘാതത്തെ തുടര്‍ന്ന് നഴ്സുമാര്‍ പരിചരിച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു.
രാവിലെ ജോലിക്ക് പോകുന്നതിനായി തയ്യാറാവുന്നത് കാണാതിരുന്ന സുഹൃത്തുക്കള്‍ കതകില്‍ തട്ടിയെങ്കിലും കതക് തുറക്കുകയോ അനക്കം കേള്‍ക്കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി കതക് തുറന്നപ്പോള്‍ ഒരു വശം തളര്‍ന്ന നിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഹുറൈമല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി ദര്‍ഇയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 10 ദിവസത്തോളം ദര്‍ഇയ ആശുപത്രിയില്‍ ചികിത്സിച്ച് പിന്നീട് വീണ്ടും ഹുറൈമല ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ മകള്‍ ദുര്‍ഗ്ഗ നാട്ടില്‍ നിന്നും കേളി സെക്രട്ടറിയുമായി ബന്ധപെടുകയും കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര ദര്‍ഇയ്യയില്‍ പോയി ആശുപത്രിയിലെ വിവരങ്ങള്‍ വീട്ടുകാരെ അറിയിക്കുകയും വീഡിയോ കോളിലൂടെ ബന്ധപ്പെടുത്തി ആശയ വിനിമയം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുകയും ചെയ്തു.
തിരക്കേറിയ ദര്‍ഇയ ആശുപത്രിയില്‍ നിന്നും തുടര്‍ന്നും വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ചന്ദ്രശേഖരന്റെ സുഹൃത്ത് മുഖേന ആശുപത്രിക്കടുത്ത് ജോലിചെയ്യുന്ന മലപ്പുറം എടവണ്ണ സ്വദേശി അമീര്‍ ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചു. പലപ്പോഴും സമയത്തിന് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നറിഞ്ഞ അമീര്‍ പ്രത്യേക അനുവാദത്തോടെ ഭക്ഷണം കഴിപ്പിക്കുന്നതിനായി ആശുപത്രിയില്‍ എത്തുകയും റൂമില്‍ നിന്നും കഞ്ഞി തയ്യാറാക്കി എത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു.
ആശുപത്രിയിലെ തിരക്ക് കാരണം പിന്നീട് ഹുറൈമല ജനറല്‍ ആശുപത്രിയിലേക്ക് ചന്ദ്രശേഖറിനെ മാറ്റി. ഒരു മാസത്തോളം ഹുറൈമലയിലെ ആശുപത്രിയില്‍ ലഭിച്ച പരിചരണത്തിലൂടെ കാര്യമായ പുരോഗതി കൈവരിക്കാനായി. ദര്‍ഇയ ആശുപത്രിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഹുറൈമലയില്‍ ലഭിച്ച പരിചരണമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. മലയാളികളായ നേഴ്സുമാരുടെ കൃത്യതയാര്‍ന്ന കരുതല്‍ മാനസിക സംഘര്‍ഷം കുറച്ചെന്നും ഭക്ഷണവും മറ്റും കൃത്യ സമയത്ത് കഴിപ്പിക്കാന്‍ അവര്‍ സഹായിക്കുകയും നാട്ടിലെ ഭാര്യയും മകളുമായി നിരന്തരം ബന്ധപെടുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നെന്നും മരുന്നിനേക്കാള്‍ ഉപരി ലഭിച്ച പരിചരണമാണ് അസുഖം വേഗത്തില്‍ ഭേദമാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
യാത്രചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് തുടര്‍ ചികിത്സക്കായി ചന്ദ്രശേഖരനെ നാട്ടിലെത്തിച്ചു. യാത്ര ചെയ്യാനുള്ള വീല്‍ചെയര്‍ രേഖകളും കൂടെ അനുഗമിക്കാനുള്ള യാത്രക്കാരെയും കേളി തരപ്പെടുത്തി. ടിക്കറ്റും ചന്ദ്രശേഖരന്റെ റൂമിലുള്ള വസ്ത്രങ്ങളും മറ്റും കമ്പനി ആശുപത്രിയിലേക്ക് എത്തിക്കാമെന്ന് ഏറ്റെങ്കിലും സമയത്തിന് മുമ്പ് എത്തിക്കാതിരുന്നതിനാല്‍ നേഴ്സുമാര്‍ തന്നെ യാത്രചെയ്യാനുള്ള വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കി.
നസീര്‍ മുള്ളൂര്‍ക്കരയാണ് എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. കോട്ടയം സ്വദേശി നിതിന്‍ റിയാദില്‍ നിന്നും കൊച്ചി വിമാനത്താവളം വരെ കൂടെ അനുഗമിക്കുകയും കൊച്ചിയില്‍ നിന്നും ബന്ധുക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. കൊല്ലം എന്‍എസ് ആശുപത്രിയിലാണ് തുടര്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.