റിയാദ് – വ്യവസായ വികസന നിധി സ്ഥാപിച്ച ശേഷം സൗദിയില്‍ വ്യവസായശാലകളുടെ എണ്ണം 200 ല്‍ നിന്ന് 11,500 ആയി ഉയര്‍ന്നതായി വ്യവസായ വികസന നിധി സി.ഇ.ഒ സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി (മുന്‍ശആത്ത്) റിയാദില്‍ സംഘടിപ്പിക്കുന്ന വ്യവസായ, ധാതുവിഭവ സംരംഭക വാരത്തോടനുബന്ധിച്ച ചര്‍ച്ചാ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1974 ല്‍ രാജ്യത്ത് 200 ഫാക്ടറികള്‍ മാത്രമാണുണ്ടായിരുന്നത്. ഇവയിലെ ആകെ നിക്ഷേപം 400 കോടി റിയാല്‍ കവിയുമായിരുന്നില്ല.
ഇപ്പോള്‍ രാജ്യത്ത് 11,500 വ്യവസായശാലകളുണ്ട്. ഇവയിലെ ആകെ നിക്ഷേപങ്ങള്‍ ഒന്നര ട്രില്യണ്‍ റിയാലിലേറെയാണ്. എഴുപതുകളില്‍ സൗദി അറേബ്യയുടെ വാര്‍ഷിക വ്യാവസായിക കയറ്റുമതി 100 കോടി റിയാലില്‍ കുറവായിരുന്നു. നിലവില്‍ വ്യാവസായിക കയറ്റുമതി 25,000 കോടിയിലേറെ റിയാലായി ഉയര്‍ന്നിട്ടുണ്ട്. എഴുപതുകളില്‍ വ്യവസായ മേഖലയില്‍ ആകെ തൊഴിലുകള്‍ പതിനായിരത്തില്‍ കുറവായിരുന്നു. നിലവില്‍ വ്യവസായ മേഖലയില്‍ എട്ടു ലക്ഷത്തോളം ജീവനക്കാരുണ്ട്. പശ്ചാത്തല സൗകര്യങ്ങള്‍, ഊര്‍ജവും അസംസ്‌കൃത വസ്തുക്കളും ലഭ്യമാക്കല്‍, സ്വദേശികള്‍ക്കുള്ള പരിശീലന പദ്ധതികള്‍, ലഘുവായ്പകള്‍ എന്നിവയെല്ലാം അഞ്ചു ദശകത്തിനിടെ വ്യാവസായിക മേഖലയുടെ വലിയ വളര്‍ച്ചക്ക് സഹായിച്ചു.
പുതിയ വ്യാവസായിക പദ്ധതികള്‍ക്കും നിലവിലുള്ള പദ്ധതികള്‍ വിപുലീകരിക്കാനും വ്യവസായ വികസന നിധി ദീര്‍ഘകാല വായ്പകള്‍ നല്‍കുന്നു. വ്യവസായ വികസന നിധി ആരംഭിച്ച അക്കാഡമി വഴി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 8,000 ലേറെ സ്വദേശികള്‍ക്ക് പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 70 ലേറെ പരിശീലന പ്രോഗ്രാമുകള്‍ നടപ്പാക്കി. രണ്ടായിരത്തോളം ട്രെയിനികള്‍ക്ക് ഇവയുടെ പ്രയോജനം ലഭിച്ചു.
വ്യവസായ വികസന നിധി സാങ്കേതിക കണ്‍സള്‍ട്ടേഷനുകളും വിപണിയുമായി ബന്ധപ്പട്ട കണ്‍സള്‍ട്ടേഷനുകളും നല്‍കുന്നു. മൂന്നിനം പ്രധാന കണ്‍സള്‍ട്ടേഷനുകളാണ് നല്‍കുന്നത്. വിപണികള്‍, വില്‍പന കേന്ദ്രങ്ങള്‍, ഉപഭോക്താക്കളിലേക്ക് എത്താനുള്ള ഉല്‍പന്നത്തിന്റെ കഴിവ് എന്നിവയെ കുറിച്ച മാര്‍നിര്‍ദേശങ്ങളാണ് ഇതില്‍ ഒന്ന്. പ്രവര്‍ത്തന ചെലവുകള്‍ കുറക്കാനുള്ള കണ്‍സള്‍ട്ടേഷനുകളും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനുള്ള കണ്‍സള്‍ട്ടേഷനുകളും നല്‍കുന്നു.
വ്യാവസായികോല്‍പാദനത്തില്‍ ലോകത്ത് ഏറ്റവും വലിയ വളര്‍ച്ചയുള്ള രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം ഏഴു വര്‍ഷത്തിനിടെ വ്യവസായ വികസന നിധിയില്‍ നിന്ന് നല്‍കിയ ലഘുവായ്പകള്‍ ഫണ്ട് സ്ഥാപിച്ച് 36 വര്‍ഷത്തിനിടെ നല്‍കിയ വായ്പകള്‍ക്ക് സമമാണ്. കപ്പല്‍ നിര്‍മാണം, കാര്‍ വ്യവസായം, ഖനന വ്യവസായം പോലുള്ള ഉയര്‍ന്ന മൂല്യമുള്ള പുതിയ വ്യവസായ മേഖലകള്‍ക്കാണ് കൂടുതല്‍ വായ്പകള്‍ നല്‍കുന്നതെന്നും സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
വ്യവസായ വികസന നിധിയില്‍ നിന്ന് നല്‍കുന്ന വായ്പകളുടെ 80 ശതമാനവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഫണ്ടില്‍ നിന്നുള്ള വായ്പകളില്‍ 77 ശതമാനമാണ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വിഹിതം. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍. സൗദിയില്‍ സ്വകാര്യ മേഖലയിലെ ആകെ തൊഴിലവസരങ്ങളില്‍ 65 ശതമാനവും ചെറുകിട, ഇടത്തരം മേഖലയിലാണെന്നും സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.