ജിദ്ദ– വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ‘നോട്ടെക്, നോളജ് ആൻഡ് ടെക്‌നോളജി എക്‌സ്‌പോ’ (KNOWTECH) നവംബർ 14-ന് ജിദ്ദയിൽ നടക്കും. 2018-ൽ തുടക്കം കുറിച്ച ഈ സാങ്കേതികോത്സവം, പ്രവാസലോകത്തെ വളർന്നുവരുന്ന ശാസ്ത്ര പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വലിയൊരു വേദിയാണ് ഒരുക്കുന്നത്.
എക്‌സ്‌പോയുടെ മുന്നോടിയായി ജിദ്ദയിലെ വിവിധ സ്‌കൂളുകളിലെ സയൻസ് അധ്യാപകർക്കായി ‘ടീച്ച് ലൂം’ (Teach Loom) എന്ന പേരിൽ പ്രത്യേക സംഗമം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന നിർമ്മിത ബുദ്ധി (AI) ടൂളുകളെ പരിചയപ്പെടുത്തിക്കൊണ്ട് റിയാസ് കൊല്ലം ക്ലാസിന് നേതൃത്വം നൽകി.
സൈദലവി മാസ്റ്റർ (ഇന്ത്യൻ എമ്പസി സ്കൂൾ) അധ്യക്ഷത വഹിച്ച സംഗമത്തിൽ ഉമൈർ മുണ്ടോളി സ്വാഗതവും ഫസീൻ അഹ്‌മദ് ആമുഖ പ്രഭാഷണവും നടത്തി. മൻസൂർ ചുണ്ടമ്പറ്റ കീനോട്ട് അവതരിപ്പിച്ചു.വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു. ചടങ്ങിൽ നൗഫൽ മുസ്ല്യാർ, ആഷിഖ് ഷിബിലി എന്നിവർ സന്നിഹിതരായിരുന്നു. ശബീറലി തങ്ങൾ നന്ദി രേഖപ്പെടുത്തി.



