റിയാദ്- സൗദി അറേബ്യയിൽ ട്രാഫിക് പിഴകളിൽ അമ്പത് ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചത് ലഭിക്കാൻ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ലെന്ന് ട്രാഫിക് മന്ത്രാലയം വ്യക്തമാക്കി. ഓരോരുത്തരുടെയും പേരിലുള്ള പിഴ ഓട്ടോമാറ്റിക്കായി തന്നെ അമ്പത് ശതമാനമായി കുറയും. ഇതിന് വേണ്ടി എവിടെയും പ്രത്യേകം അപേക്ഷകൾ നൽകേണ്ടതില്ല. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും പിഴയിൽ ഇളവുണ്ടാകുക.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകളില്‍ ആഭ്യന്തര മന്ത്രാലയം 50 ശതമാനം ഇളവ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് 2024 ഏപ്രില്‍ പതിനെട്ടിനു മുമ്പ് രജിസ്റ്റര്‍ ചെയ്തതോ ചെയ്യുന്നതോ ആയ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ആഭ്യന്തര മന്ത്രാലയം 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇളവ് ആനുകൂല്യം ലഭിക്കാന്‍ ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയതും ചുമത്തുന്നതുമായ മുഴുവന്‍ പിഴകളും ആറു മാസത്തിനകം അടച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
മുഴുവന്‍ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ പ്രത്യേകം പ്രത്യേകമായോ അടക്കാവുന്നതാണ്. ഇളവ് ആനുകൂല്യം ലഭിക്കാന്‍ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്താന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
ട്രാഫിക് പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച ശേഷം നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങളില്‍ ട്രാഫിക് നിയമത്തിലെ 75ാം വകുപ്പ് പ്രകാരം 25 ശതമാനം വരെ പിഴയിളവ് അനുവദിക്കും. ഗതാഗത നിയമ ലംഘനം രജിസ്റ്റര്‍ ചെയ്തതില്‍ അപ്പീല്‍ നല്‍കാനും പിഴ അടക്കാനുമുള്ള നിയമാനുസൃത സമയം അവസാനിച്ച ശേഷം ഇത്തരക്കാരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പിഴ വസൂലാക്കും.
വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാധി വേഗത്തിലും 50 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാധി വേഗത്തിലും 30 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ ഇളവ് കാലയളവില്‍ നടത്തുന്നവര്‍ക്ക് പിഴയിളവ് ആനുകൂല്യം ലഭിക്കില്ല.
ധനമന്ത്രാലയവുമായും സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായും ഏകോപനം നടത്തിയാണ് ട്രാഫിക് പിഴയിളവ് നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഏപ്രില്‍ 18 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള കാലത്താണ് ഇളവുകളോടെ പിഴകള്‍ അടക്കേണ്ടത്. ഇപ്പോള്‍ പ്രഖ്യാപിച്ച സാവകാശത്തിനകം ഇളവ് പ്രയോജനപ്പെടുത്തി പിഴകള്‍ അടക്കാത്ത പക്ഷം പിഴകള്‍ അതേപോലെ പൂര്‍ണ തോതില്‍ ശേഷിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ശുക്റ പറഞ്ഞു.