ജിദ്ദ – സൗദിയില്‍ ഇതുവരെ കുരങ്ങുപനി (മങ്കിപോക്‌സ്) ടൈപ്പ്-1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി -വിഖായ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതു പ്രകാരം ആഗോള തലത്തില്‍ മങ്കിപോക്‌സ് വ്യാപനം വര്‍ധിച്ചുവരികയാണ്. വൈറസിന്റെ ടൈപ്പ്-1 വ്യാപനത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദിയിലെ ആരോഗ്യ സംവിധാനം ശക്തവും ഫലപ്രദവുമാണ്.
പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കഴിവുണ്ട്. സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന വിധത്തില്‍ ശക്തമായ നിരീക്ഷണത്തിനും വൈറസ് വ്യാപനം തടയാനും രാജ്യം എല്ലാ പ്രതിരോധ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. സാംക്രമിക രോഗങ്ങളുടെ വ്യാപന സാധ്യതയോടുള്ള പ്രതികരണം ഉറപ്പാക്കുന്ന നിരവധി പ്രതിരോധ നടപടികളും ബോധവല്‍ക്കരണ പദ്ധതികളും എപ്പിഡെമിയോളജിക്കല്‍ അന്വേഷണ നടപടിക്രമങ്ങളും പകര്‍ച്ചവ്യാധികളോടുള്ള പ്രതികരണവും സൗദിയിലുണ്ട്.
പകര്‍ച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടണം. കിംവദന്തികളിലും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളിലും കുടുങ്ങരുത്. ആരോഗ്യകരമായ പെരുമാറ്റങ്ങള്‍ പിന്തുടരാന്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. മങ്കിപോക്‌സ് വൈറസ് പൊട്ടിപ്പുറപ്പെടുകയോ വ്യാപിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ആവശ്യപ്പെട്ടു.