റിയാദ് : വിസിറ്റ് വിസയിലുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ ഇന്നും നിരവധി പേര്‍ സൗദി അറേബ്യയിലെത്തി. വിമാനത്താവളങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവ വഴിയാണ് വിസിറ്റ് വിസയിലുള്ള പ്രവാസികള്‍ രാജ്യത്തെത്തിയത്. വിസിറ്റ് വിസ പുതുക്കാന്‍ സൗദിക്ക് പുറത്തുപോയവര്‍ക്കാണ് യാതൊരു തടസ്സവുമില്ലാതെ പ്രവേശനം ലഭിച്ചത്. അതേസമയം സിംഗിള്‍ എന്‍ട്രി വിസയിലെത്തി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗദിക്ക് പുറത്തുപോയി തിരിച്ചുവരാന്‍ ശ്രമിച്ചവരെ തിരിച്ചയച്ചു.
ദമാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിലും ബഹ്‌റൈന്‍ കോസ്‌വേയിലും ജോര്‍ദാന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റിലും മള്‍ട്ടിപ്ള്‍ വിസിറ്റ് വിസയിലുള്ളവര്‍ക്ക് ഇന്നും പ്രവേശനം അനുവദിച്ചു. ഹജ്ജ് കര്‍മത്തിനുള്ള ദിവസങ്ങള്‍ അടുത്തുവരുന്നതിനാല്‍ വരും ദിവസങ്ങളില്‍ പ്രവേശനം നിയന്ത്രിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനാല്‍ ഹജ്ജ് സമയത്തിനുള്ളില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ നേരത്തെ തന്നെ പുറത്തുപോയി പുതുക്കി വരുന്നതാണ് അഭികാമ്യം. എപ്രില്‍ 29 മുതല്‍ ആര്‍ക്കും ജവാസാത്തിന്റെ വെബ്‌സൈറ്റ് വഴി പുതുക്കാന്‍ സാധിക്കുന്നില്ല. ഇതിനാലാണ് സൗദിക്ക് പുറത്തുപോകേണ്ടിവരുന്നത്.
എന്നാല്‍ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിയന്ത്രണം വന്ന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നാട്ടില്‍ നിന്ന് സിംഗിള്‍ എന്‍ട്രി വിസയിലെത്തിയവര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ സൗദി വിട്ടുപോകേണ്ടിവരും. 30 ദിവസമായിരിക്കും അവരുടെ വിസ കാലാവധി. അവര്‍ സൗദിക്ക് പുറത്തുപോയി തിരിച്ചുവരാന്‍ ശ്രമിക്കരുത്. കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുറത്തുകടന്നാലും തിരിച്ചുവരാന്‍ സാധിക്കില്ല. ഹജ്ജിനോടനുബന്ധിച്ച് മുന്‍ വര്‍ഷങ്ങളില്‍ ജിദ്ദ, മദീന, തായിഫ് വിമാനത്താവളങ്ങളില്‍ വിസിറ്റ് വിസയിലുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഈ വര്‍ഷം ഇതുവരെ നിയന്ത്രണം വന്നിട്ടില്ല. വിസിറ്റ് വിസക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ജാവാസാത്തില്‍ നിന്ന് ചിലര്‍ക്ക് മൊബൈലുകളില്‍ സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്കോ മറ്റോ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ദ മലയാളം ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. വിസ ഇഷ്യു ചെയ്യുന്ന വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നാണ് ലഭിച്ച സന്ദേശത്തെ കുറിച്ചുള്ള ചോദ്യത്തിന് ജാവാസാത്ത് മറുപടി പറഞ്ഞത്.

അതേസമയം, വിസിറ്റ് വിസക്കാര്‍ മക്കയില്‍ തങ്ങുന്നതിനും മക്കയില്‍ പ്രവേശിക്കുന്നതിനും വിലക്ക് തുടരുകയാണ്. വിസിറ്റ് വിസക്കാരെ കണ്ടെത്തുന്നതിന് മക്കയില്‍ ഉടനീളം കര്‍ശന പരിശോധനയാണ് നടന്നുവരുന്നുണ്ട്. മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്ന വിസിറ്റ് വിസക്കാര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
പെര്‍മിറ്റ് ഇല്ലാതെ ഹജ് നിര്‍വഹിക്കുകയോ ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍, മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാര്‍, വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്നവര്‍, ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, സ്വകാര്യ ഭവനങ്ങള്‍, ലോഡ്ജുകള്‍, തീര്‍ഥാടകരെ പാര്‍പ്പിക്കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നവര്‍, മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കാന്‍ വിസിറ്റ് വിസക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം നല്‍കുന്നവര്‍ എന്നിവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് അവരെ സഹായിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറി ഹജ് നിര്‍വഹിക്കുന്ന, സൗദിയില്‍ നിയമാനുസൃതം താമസിക്കുന്ന വിദേശികളെ രാജ്യത്ത് നിന്ന് നാടുകടത്തി പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദുല്‍ഖഅദ് ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് വിസിറ്റ് വിസക്കാരില്‍ ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ചുമത്തും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമ ലംഘകരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.