ജിദ്ദ – യെമനിൽ ഡോ. ശായിഅ് അല്‍സിന്ദാനിയെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഡോ. റശാദ് അല്‍അലീമി നിയമിച്ചു. സാലിം ബിന്‍ ബരൈക്കിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ നിലവിലെ മന്ത്രിസഭ തുടരും. അതേസമയം, സ്ഥാനമൊഴിഞ്ഞ സാലിം ബിന്‍ ബരൈക്കിനെ പ്രസിഡന്റിന്റെ സാമ്പത്തിക-ധനകാര്യ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കാനും അഴിമതിക്കെതിരെ പോരാടാനും ലക്ഷ്യമിട്ടുള്ള പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഈ ഭരണമാറ്റം.
യെമനിലെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി സൗദി അറേബ്യ ഒമ്പതു കോടി ഡോളറിന്റെ പുതിയ ധനസഹായം പ്രഖ്യാപിച്ചു. യെമനിലെ വികസന പദ്ധതികൾക്കായി കഴിഞ്ഞ ദിവസം അനുവദിച്ച 190 കോടി ഡോളറിന് പുറമെയാണിത്. എല്ലാ മേഖലകളിലുമുള്ള സർക്കാർ ജീവനക്കാർക്കും സൈനിക-സുരക്ഷാ സേനാംഗങ്ങൾക്കും ശമ്പളം നൽകുന്നതിന് ഈ തുക വിനിയോഗിക്കുമെന്ന് യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലുജാബിർ അറിയിച്ചു. പവർ പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ പെട്രോളിയം ഉൽപ്പന്നങ്ങൾ നൽകുന്നതും സാമ്പത്തിക പരിഷ്കരണങ്ങൾക്കുള്ള പിന്തുണയും പുതിയ പാക്കേജിൽ ഉൾപ്പെടുന്നു.
സൗദിയുടെ ഈ നടപടി യെമൻ ജനതയുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് മുൻ പ്രധാനമന്ത്രി സാലിം ബിന്‍ ബരൈക്ക് പറഞ്ഞു. യെമൻ സെൻട്രൽ ബാങ്കുമായി ഏകോപിപ്പിച്ച് സുതാര്യമായ രീതിയിൽ ശമ്പള വിതരണം വേഗത്തിലാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഹൂത്തി ആക്രമണങ്ങൾ മൂലം രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സൗദി അറേബ്യ നൽകുന്ന ഈ പിന്തുണ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



