റിയാദ്: പുതുവത്സരത്തെ വരവേല്‍ക്കാന്‍ സൗദി തലസ്ഥാന നഗരിയായ റിയാദില്‍ അവിസ്മരണീയ പരിപാടികളുമായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. വിവിധ വേദികളില്‍ നടക്കുന്ന സംഗീത നിശകളിലും ഷോകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും സംബന്ധിച്ച് പുതുവത്സരത്തിന് സാക്ഷിയാകാന്‍ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങി.
വിനോദ ലോകത്തേക്ക് സൗദിയുടെ ഏറ്റവും വലിയ സംഭാവനയായ ഖിദ്ദിയ്യയിലെ സിക്‌സ് ഫ്ലാഗ് പാര്‍ക്കിന്റെ ഉദ്ഘാടനമാണ് പുതുവത്സര ദിനത്തിലെ റിയാദിലെ ഏറ്റവും വലിയ പരിപാടി. ഖിദ്ദിയ്യയിലെ 70 അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ ആദ്യത്തേതാണ് സിക്‌സ് ഫ്ലാഗ്. വടക്കേ അമേരിക്കന്‍ ബ്രാന്റായ ഈ പാര്‍ക്ക് അമേരിക്കക്ക് പുറത്ത് ആദ്യമായാണ് മറ്റൊരു രാജ്യത്ത് ആരംഭിക്കുന്നത്. ആളൊഴിഞ്ഞ മരുഭൂമിയില്‍ 2019ല്‍ പണിയാരംഭിച്ച് 3.75 ബില്യന്‍ റിയാലിന് പൂര്‍ത്തിയായ ഈ പദ്ധതി സന്ദര്‍ശകര്‍ക്ക് ബുധനാഴ്ച രാത്രി മുതല്‍ സാഹസികതകള്‍ ആസ്വദിക്കാന്‍ വഴിയൊരുക്കും.


28 കടകളും കിയോസ്‌ക്കുകളും ഉള്‍പ്പെടെ നിരവധി ഷോപ്പിംഗ് ഒപ്ഷനുകള്‍, ആകര്‍ഷകമായ റൈഡുകള്‍ എന്നിവ പാര്‍ക്കിന്റെ ഭാഗമാണ്. ഫാല്‍ക്കന്‍സ് ഫ്‌ളൈറ്റ് ഉള്‍പ്പെടെയുള്ള ത്രില്‍ സിറ്റി, ഡിസ്‌കവറി സ്പ്രിംഗ്‌സ്, സ്റ്റീം ടൗണ്‍, ട്വിലൈറ്റ് ഗാര്‍ഡന്‍സ്, വാലി ഓഫ് ഫോര്‍ച്യൂണ്‍, ഗ്രാന്റ് എക്‌സ്‌പൊസിഷന്‍ എന്നിങ്ങനെ ആറ് പ്രധാന വിനോദ മേഖലകളാണ് പാര്‍ക്കിലുള്ളത്. 325 റിയാലാണ് ടിക്കറ്റ് ചാര്‍ജ്. 1200 റിയാലിന്റെ ഫാമിലി പാക്കേജും ലഭ്യമാണ്.


ബുളവാഡ് സിറ്റിയില്‍ പ്രമുഖ ഈജിപ്ഷ്യന്‍ ഗായിക അന്‍ഗാമിന്റെ പ്രണയ രാത്രിയെന്ന പേരില്‍ സംഗീത കച്ചേരി പുതുവത്സരാഘോഷത്തിലെ പ്രധാന ഇനമാണ്. ബുധനാഴ്ച വൈകുന്നേരം 7.30 മുതലാണ് നഗരിയിലേക്ക് പ്രവേശനം. 1500 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. ഇന്‍സ്റ്റന്റ് ബുക്കിംഗ് സൗകര്യമുണ്ട്. അര്‍ധരാത്രി മറക്കാനാവാത്ത മാന്ത്രിക രാത്രിയാക്കി മാറ്റിയാണ് ഇവിടെയെത്തുന്ന സംഗീത പ്രേമികള്‍ അന്‍ഗാമിന്റെ സംഗീത പശ്ചാത്തലത്തില്‍ 2025 നോട് വിടപറയുക. 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം.
ശാന്തമായ ആംബിയന്റോടെ ആരംഭിച്ച് ഊര്‍ജ്ജസ്വലമായ ഇലക്ട്രോണിക് താളങ്ങളിലേക്ക് ഘട്ടംഘട്ടമായി ഉയര്‍ന്ന് അര്‍ധരാത്രിയോടെ ശബ്ദാധിഷ്ഠിതമായ ആഘോഷമാണ് ഡിപ്ലോമാറ്റിക് കോര്‍ട്ടറിലെ അന്‍സ്‌റ്റൈബിള്‍ എന്‍വൈഇയില്‍ ഒരുക്കിയിരിക്കുന്നത്. 350 മുതലാണ് ടിക്കറ്റ് നിരക്ക്.
ബീസ്റ്റ് ഹൗസിലെ വൈറ്റ് ഔട്ട് ഡിജെ സംഗീത നിശയാണ് മറ്റൊരു പരിപാടി. വെള്ള വസ്ത്രമാണ് ഡ്രസ് കോഡ്. പ്രമുഖ ഡിജെ കലാകാരന്മാര്‍ ഇവിടെ സംഗീതത്തിന് നേതൃത്വം നല്‍കും. 255 റിയാലാണ് ടിക്കറ്റ് നിരക്ക്. അല്‍അമാരിയ സോഷ്യല്‍, ബുളവാഡ് സിറ്റിയിലെ ഹിന്ദ് ഇന്‍ ലാന്റ് ഓഫ് സിന്ദ്, ദര്‍ഇയയിലെ ലയാലി ദര്‍ഇയ, ജിദ്ദയിലെ വിന്റര്‍ വണ്ടര്‍ വേള്‍ഡ്, റിയാദിലെ ദി കാപ്റ്റ്വര്‍ ബൈ സ്റ്റോം എന്നിവക്ക് പുറമെ റിയാദ് സീസണിന്റെ വിവിധ വേദികളിലും സംഗീത പരിപാടികള്‍ അരങ്ങേറും.



