ജിദ്ദ: സമൂഹ വ്യായാമ കൂട്ടായ്മയായ മെക് സെവന്റെ പുതിയ യൂണിറ്റ് മഹ്ജറിലെ അംബർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6.15 ന് മഹ്ജറിലെ പഴയ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിൽ സമൂഹ വ്യായാമം നടക്കും. മെക്-7 സൗദി ചീഫ് കോർഡിനേറ്റർ മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് സൗദി മെക് സെവൻ ചീഫ് ട്രെയിനർ അഹമ്മദ് കുറ്റൂർ നേതൃത്വം നൽകി. മെക് സെവൻ സൗദി അംബാസഡർ സലാഹ് കാരാടൻ, ന്യൂ ഗുലൈൽ പോളിക്ളിനിക്കിലെ ഡോ. മെഹ്റൂഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
അഷ്റഫ് കിണാശ്ശേരി അധ്യക്ഷത വഹിച്ചു. അബ്ബാസ് ചെമ്പൻ, കെ.കെ. മുസ്തഫ, ഇസ്മായിൽ ബാപ്പു, രജീഷ്, മുജീബ് റഹ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാകായിക പരിപാടികൾ നടന്നു. ശിഹാബ് തൂത, റഷീദ്, ജവാദ് തുടങ്ങിയവർ നേതൃത്വം നൽകി.
യൂനുസ് താഴെക്കോട്, മുജീബ് റഹ്മാൻ കാളികാവ്, ഫിറോസ് തുടങ്ങിയ ഗായകർ ഗാനങ്ങളാലപിച്ചു.
സംഗമത്തിൽ മുസ്തഫ മാസ്റ്റർ, സലാഹ് കാരാടൻ, അഹമ്മദ് കുറ്റൂർ തുടങ്ങിയവരെ പൊന്നാട അണിയിച്ചും യൂണിറ്റ് ട്രെയിനർമാരായ സുഹൈൽ, സുബൈർ, അനസ് എന്നിവർക്ക് മൊമെന്റോ നൽകിയും ആദരിച്ചു. സുഹൈൽ എം.സി. സ്വാഗതവും സി.ടി മുഹമ്മദ് ശാകിർ നന്ദിയും പറഞ്ഞു.