ജിദ്ദ – ഗുജറാത്തിലെ മുന്ദ്ര അടക്കമുള്ള നാലു പ്രധാന തുറമുഖങ്ങളെയും ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടിനെയും ബന്ധിപ്പിച്ച് ഓഷ്യന്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പ്രസ് പുതിയ കാര്‍ഗോ ഷിപ്പിംഗ് ലൈന്‍ ആരംഭിച്ചു. ഇന്ത്യയിലെ മുന്ദ്ര, യു.എ.ഇയിലെ ജബല്‍ അലി, ജോര്‍ദാനിലെ അഖബ, ഈജിപ്തിലെ അല്‍സൊഖ്‌ന എന്നീ തുറമുഖങ്ങളെയും ജിദ്ദ തുറമുഖത്തെയും ബന്ധിപ്പിച്ച് ആര്‍.ജി-2 എന്ന പേരിട്ട ഷിപ്പിംഗ് ലൈനില്‍ പ്രതിവാര കാര്‍ഗോ സര്‍വീസ് നടത്തും.
2,902 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകളാണ് ഈ റൂട്ടില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക. ചെങ്കടല്‍ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ലോജിസ്റ്റിക് സെന്ററും വാണിജ്യ കേന്ദ്രവുമാണ് ജിദ്ദ തുറമുഖം.
ആകെ 12.5 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ജിദ്ദ തുറമുഖത്ത് 62 ഡോക്കുകളുണ്ട്. രണ്ടു കണ്ടെയ്‌നര്‍ ടെര്‍മിനലുകളും ലോജിസ്റ്റിക് വില്ലേജും രണ്ടു ജനറല്‍ കാര്‍ഗോ ടെര്‍മിനലുകളും രണ്ടു ഷിപ്പ് റിപ്പയര്‍ യാര്‍ഡുകളും മറൈന്‍ സേവനങ്ങള്‍ക്കുള്ള ഒരുകൂട്ടം ഡോക്കുകളും എല്ലാവിധ സൗകര്യങ്ങളോടെയും സജ്ജീകരിച്ച ഹജ്, ഉംറ തീര്‍ഥാടകര്‍ക്കുള്ള ടെര്‍മിനലുകളും മറ്റു സൗകര്യങ്ങളും ജിദ്ദ തുറമുഖത്തുണ്ട്.