റിയാദ്– സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് നിതാഖാത് പദ്ധതിയുടെ പുതിയ ഘട്ടം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ വരും വർഷങ്ങളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൗദി പൗരന്മാർക്കായി മന്ത്രാലയം ഒരുക്കുന്നത്.
മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്കരിച്ച ‘നിതാഖാത്’ (Nitaqat Al-Muttawar) പദ്ധതിയുടെ പുതിയ ഘട്ടം പ്രഖ്യാപിച്ചത്. 2026 മുതൽ അടുത്ത മൂന്ന് വർഷത്തേക്കാണ് ഈ കർമ്മപദ്ധതി നടപ്പിലാക്കുക. ഇതുവഴി സൗദിയിലെ സ്വകാര്യ മേഖലയിൽ മാത്രം മൂന്ന് ലക്ഷത്തി നാൽപ്പതിനായിരം (3,40,000) പുതിയ തൊഴിലവസരങ്ങൾ സ്വദേശി യുവതീയുവാക്കൾക്ക് ലഭ്യമാകും.
സൗദി വിഷൻ 2030-ന്റെ ഭാഗമായി തൊഴിൽ വിപണിയിൽ സുസ്ഥിരത ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഓരോ മേഖലയുടെയും സ്വഭാവം അനുസരിച്ച് പ്രായോഗികമായ സ്വദേശിവൽക്കരണ നിരക്കുകളാണ് പുതിയ ഘട്ടത്തിൽ നിശ്ചയിച്ചിട്ടുള്ളതെന്ന് മന്ത്രി അഹമ്മദ് അൽ റാജിഹി വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളുടെ വളർച്ചയെ ബാധിക്കാത്ത വിധം സന്തുലിതമായ രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
സ്വദേശി യുവാക്കളുടെ കഴിവും പ്രൊഫഷണലിസവും മുൻനിർത്തി, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം പരമാവധി വർദ്ധിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴിൽ മേഖലയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും തൊഴിൽ വിപണിയിൽ കൃത്യമായ ബാലൻസ് കൊണ്ടുവരാനും നിതാഖാത് പരിഷ്കാരം സഹായിക്കുമെന്ന് ഡെപ്യൂട്ടി മന്ത്രി അബ്ദുള്ള അബുതനൈൻ അഭിപ്രായപ്പെട്ടു.
പ്രവാസികളെ സംബന്ധിച്ചിടത്തോളം, വരും വർഷങ്ങളിൽ സ്വകാര്യ മേഖലയിൽ കൂടുതൽ നിബന്ധനകളും സ്വദേശിവൽക്കരണവും പ്രതീക്ഷിക്കാം എന്നതിന്റെ സൂചന കൂടിയാണ് ഈ പുതിയ പ്രഖ്യാപനം.



