ജിദ്ദ- കേരള സർക്കാറിന്റെ കീഴിലുള്ള നോർക്കയുടെ സൗദി അറേബ്യയിലെ ലീഗൽ കൺസൽട്ടന്റുമാരായി അഡ്വ .ഷംസുദീൻ ഓലശ്ശേരി, അഡ്വ. വിൻസൺ തോമസ് എന്നിവരെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഗൾഫ് നാടുകളില് മൊത്തം ഏഴു പേരെയാണ് സർക്കാർ നിയമിച്ചത്. കേസുകളിൻ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവക്ക് അതാത് രാജ്യത്തെ കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.
സൗദിയിൽ 18 വർഷമായി പ്രവാസിയായ അഡ്വ. ഷംസുദീൻ ഓലശ്ശേരി, സൗദി ഇന്ത്യൻ ലോയേർസ് ഫോറം പ്രസിഡന്റ് കൂടിയാണ്. കോഴിക്കോട്, എറണാകുളം കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നു. ഭാര്യ ഡോക്ടര് സീജൂ ഷംസുദ്ദീൻ, മാരിഫ് ഗ്രൂപ്പിന്റെ വിദ്യാഭാസ സ്ഥാപനമായ മനാറാത്ത് ബ്രിട്ടീഷ് സ്കൂളിൽ സീനിയർ സയൻസ് വിഭാഗം അധ്യാപികയാണ്. മക്കൾ അനീൻ ഷംസ് ഇടുക്കിയിൽ എം.ബി.ബി.എസ് രണ്ടാം വർഷം വിദ്യാർഥിയാണ്. ജിദ്ദ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ അഷാജ് ഷംസ് ,അൻസിൽ ഷംസ് എന്നിവരാണ് മറ്റു മക്കൾ.
ദമാമിലെ സാമൂഹിക പ്രവർത്തകനും കണ്ണൂർ മടമ്പം സ്വദേശിയുമായ അഡ്വ. വിൻസൺ തോമസ് രണ്ടാം തവണയാണ് നിയമോപദേശകനായി നിയമിക്കപ്പെടുന്നത്. ശ്രീകണ്ഠപുരം മുൻസിപ്പൽ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ഉപദേശകൻ,കൂട്ടുമുഖം സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അൽ സഹ്‌റ ഗ്രൂപ്പിൽ നിയമ കാര്യ സെക്രട്ടറി ആയി സേവനം അനുഷ്ഠിക്കുന്നു നേരത്തെ തളിപ്പറമ്പ്, ചെന്നൈ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നു. തളിപ്പറമ്പിലെ അഡ്വ. എംസി രാഘവന്റെ ജൂനിയർ ആയി പ്രാക്ടീസ് ചെയ്തിരുന്നു. ഭാര്യ ബിന്ദു ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ ജോലി ചെയ്യുന്നു. മക്കൾ ഷാരോൺ, ഷിയോണ (ഇരുവരും ദമാം ഇന്ത്യൻ എംബസി സ്കൂൾ വിദ്യാർഥികൾ)