ജിദ്ദ – വിനോദ സഞ്ചാര വ്യവസായ മേഖലയില്‍ വന്‍ കുതിപ്പ് തുടരുന്ന സൗദി അറേബ്യയില്‍ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ഒരുപോലെ ആകര്‍ഷിക്കാന്‍ ഈ വര്‍ഷം നിരവധി ആഡംബര ഹോട്ടലുകള്‍ തുറക്കും. ചെങ്കടലിന്റെയും അറേബ്യന്‍ ഉള്‍ക്കടലിന്റെയും തീരങ്ങളിലും മരുഭൂമിയിലും വ്യത്യസ്ത ഇനം ആഡംബര ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് തുറക്കാനിരിക്കുന്നത്.
അല്‍കോബാര്‍
കിഴക്കന്‍ പ്രവിശ്യയിലെ അല്‍കോബാറിലെ ലക്ഷ്വറി ഹോട്ടലായ നോബു ഹോട്ടല്‍ 2024 ല്‍ തുറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഈ ഹോട്ടല്‍ ഉടന്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അതുല്യമായ പദ്ധതി നഗരത്തിന്റെ ഉന്നത നിലവാരത്തിലുള്ള ആതിഥ്യമര്യാദയുടെ അനുഭവം സമ്മാനിക്കും. ആധുനിക ജാപ്പനീസ് ആഡംബരവും നോബുവിന്റെ സിഗ്‌നേച്ചര്‍ ശൈലിയും അല്‍കോബാര്‍ ഹോട്ടലില്‍ സംയോജിക്കുന്നു.
ഹോട്ടലില്‍ 120 മനോഹരമായ മുറികളും സ്യൂട്ടുകളും ഉള്‍പ്പെടുന്നു. പ്രശസ്തമായ ജാപ്പനീസ് റെസ്റ്റോറന്റായ നോബു അതിഥികള്‍ക്ക് അന്താരാഷ്ട്ര വൈഭവത്തോടെ മികച്ച ജാപ്പനീസ് പാചക അനുഭവം പ്രദാനം ചെയ്യും. അല്‍കോബാര്‍ നഗരത്തിന്റെ കടല്‍ തീരത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അറേബ്യന്‍ ഉള്‍ക്കടലിന്റെ അതിശയിപ്പിക്കുന്ന പനോരമിക് കാഴ്ചകള്‍ ഹോട്ടല്‍ വാഗ്ദാനം ചെയ്യും. ഹോട്ടലിന്റെ വാസ്തുവിദ്യാ രൂപകല്‍പ മൃദുവും സുന്ദരവുമായ ഏഷ്യന്‍ സ്പര്‍ശനങ്ങളോടെ നോബു ബ്രാന്‍ഡിന് പേരുകേട്ട മനോഹരമായ ശൈലി പ്രതിഫലിപ്പിക്കുന്നതായിരിക്കും.
ജിദ്ദ
ആകര്‍ഷകമായ ജിദ്ദ കടല്‍ തീരത്തെ പുതിയ വാസ്തുവിദ്യാ മാസ്റ്റര്‍പീസ് എന്നോണം റാഫിള്‍സ് ജിദ്ദ ഹോട്ടല്‍ ഈ വര്‍ഷം മധ്യത്തില്‍ തുറക്കും. ഹോട്ടല്‍ നിര്‍മാണത്തിന് തെരഞ്ഞെടുത്ത അസാധാരണമായ സ്ഥലവും ചെങ്കടലിന്റെ വിശാലമായ കാഴ്ചകളും ഹോട്ടലിന്റെ സവിശേഷതകളാണ്. റാഫിള്‍സ് ബ്രാന്‍ഡിലുള്ള 182 ലക്ഷ്വറി മുറികളും സ്യൂട്ടുകളും 120 അപ്പാര്‍ട്ടുമെന്റുകളും ഹോട്ടലിലുണ്ടാകും. മുഴുവന്‍ റൂമുകളിലും സ്യൂട്ടുകളിലും അപാര്‍ട്ട്‌മെന്റുകളിലും കടലിന് അഭിമുഖമായി സ്വകാര്യ ബാല്‍ക്കണികളുമുണ്ട്.
ദിര്‍ഇയ
ദിര്‍ഇയയില്‍ അമാന്‍ വാദി സഫാര്‍ ഹോട്ടല്‍ ഈ വര്‍ഷം തുറക്കും. അമാന്‍ വാദി സഫാര്‍ ഹോട്ടല്‍ ദിര്‍ഇയയെ ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും. റിയാദില്‍ നിന്ന് വെറും 20 മിനിറ്റ് അകലെ, റോയല്‍ ഇക്വസ്ട്രിയന്‍ ആന്റ് പോളോ ക്ലബ്ബിന് അഭിമുഖമായി, മനോഹരമായ കുന്നിന്‍ പ്രദേശത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത നജ്ദി വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പന ചെയ്തിരിക്കുന്ന ഹോട്ടലില്‍ 78 ആഡംബര മുറികള്‍, മികച്ച ഡൈനിംഗ് റെസ്റ്റോറന്റ്, ലോകോത്തര സ്പാ എന്നിവയുണ്ട്. പ്രദേശത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്ക് അസാധാരണമായ താമസ അനുഭവങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നിയോം
സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പുതിയ ലക്ഷ്വറി സൗകര്യമാണ് റെഡ് സീ എഡിഷന്‍ റിസോര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും ആധുനിക സൗന്ദര്യത്തെയും റിസോര്‍ട്ട് സമന്വയിപ്പിക്കുന്നു. പ്രാദേശിക സ്വത്വം പ്രതിഫലിപ്പിക്കുന്ന ഡിസൈനുകളിലുള്ള 240 ആഡംബര മുറികളും സ്യൂട്ടുകളും റിസോര്‍ട്ടിലുണ്ട്. സമാനതകളില്ലാത്ത വിശ്രമാനുഭവം റിസോര്‍ട്ട് പ്രദാനം ചെയ്യുന്നു. രണ്ട് മികച്ച റെസ്റ്റോറന്റുകള്‍, സ്വകാര്യ ബീച്ച്, വലിയ നീന്തല്‍ക്കുളം, പൂര്‍ണമായും സജ്ജീകരിച്ച സ്പാ എന്നിവ റിസോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നു.
ട്രോജിന
സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോമില്‍ 25 അവേഴ്സ് ട്രോജിന ഹോട്ടല്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. അഖബ ഉള്‍ക്കടലില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ, 1,500 മുതല്‍ 2,600 മീറ്റര്‍ വരെ ഉയരത്തില്‍ മനോഹരമായ പര്‍വതപ്രദേശത്ത് അതുല്യമായ താമസ അനുഭവം 25 അവേഴ്സ് ട്രോജിന ഹോട്ടല്‍ പ്രദാനം ചെയ്യും. പ്രകൃതിയുടെ സൗന്ദര്യത്തെ ആധുനികതയുമായി സമന്വയിപ്പിച്ച്, ചുറ്റുമുള്ള ഭൂപ്രകൃതിയുടെ വിശാലമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന, സവിശേഷമായ സയന്‍സ് ഫിക്ഷന്‍-പ്രചോദിതമായ വാസ്തുവിദ്യാ രൂപകല്‍പന ഹോട്ടലിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. സൗദി അറേബ്യയിലെ ആദ്യത്തെ ഔട്ട്‌ഡോര്‍ സ്‌കീ റിസോര്‍ട്ട്, ‘ഫാം-ടു-ടേബിള്‍’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ആഡംബരപൂര്‍ണവും സുസ്ഥിരവുമായ ഡൈനിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന റെസ്റ്റോറന്റ്, മുകളിലത്തെ നിലയില്‍ റെസ്റ്റോറന്റ്, നീന്തല്‍ക്കുളം എന്നിവ ഈ ഹോട്ടലില്‍ ഉണ്ട്.
അര്‍മാനി
റിയാദ് നഗരമധ്യത്തില്‍ നിന്ന് വെറും 15 മിനിറ്റ് അകലെ, ചരിത്രപ്രസിദ്ധമായ ദിര്‍ഇയുടെ ഹൃദയഭാഗത്ത് അതിഥികളെ സ്വാഗതം ചെയ്യുന്ന അര്‍മാനി ഹോട്ടല്‍ അര്‍മാനി ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ പദ്ധതിയാണ്. പൈതൃക സമ്പന്നമായ ഈ പ്രദേശം തുറൈഫ് ഡിസ്ട്രിക്ട് പോലുള്ള ലോക പൈതൃക സ്ഥലങ്ങളുടെ കേന്ദ്രമാണ്. ആധുനികതയും നജ്ദി വാസ്തുവിദ്യാ പൈതൃകവും സമന്വയിപ്പിക്കുന്ന ഹോട്ടല്‍, വ്യാപ്തം, വെളിച്ചം, നിഴല്‍ എന്നിവയുടെ സൂക്ഷ്മമായ ഇടപെടലിലൂടെ ഉപയോഗിച്ചിരിക്കുന്ന വിലയേറിയ വസ്തുക്കളുടെ ഭംഗി എടുത്തുകാണിക്കുന്നു. അര്‍മാനി ബ്രാന്‍ഡിലുള്ള 70 ആഡംബര മുറികളും 18 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും ഹോട്ടലില്‍ ഉള്‍പ്പെടുന്നു.
കാപ്പെല്ല
സിംഗപ്പൂരിലെ ഹോട്ടല്‍ ശൃംഖലയായ കാപ്പെല്ല സൗദി അറേബ്യയിലെ ആദ്യത്തെ ബീച്ച് റിസോര്‍ട്ട് നിയോമില്‍ തുറക്കും. പരമ്പരാഗത അറബി സാങ്കേതിക വിദ്യകളും ആധുനിക രീതികളും സംയോജിപ്പിച്ച്, ചന്ദ്രോദയ ഘട്ടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്ന രോഗശാന്തി സ്പാ ഉള്‍പ്പെടെയുള്ള അസാധാരണമായ സൗകര്യങ്ങളും ആഡംബര രൂപകല്‍പനയും റിസോര്‍ട്ടിന്റെ സവിശേഷതയാണ്. 80 ആഡംബര റൂമുകളും സ്യൂട്ടുകളും, അന്താരാഷ്ട്ര ഡൈനിംഗ് അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മികച്ച റെസ്റ്റോറന്റ്, സ്വകാര്യ ബീച്ച്, അഖബ ഉള്‍ക്കടല്‍ തീരത്തിന്റെ അതിശയകരമായ കാഴ്ചകള്‍ എന്നിവ റിസോര്‍ട്ടിന്റെ സവിശേഷതകളാണ്.
റെഡ്‌സീ
ഡെസേര്‍ട്ട് റോക്ക് റിസോര്‍ട്ട് അസാധാരണമായ മരുഭൂതാമസ അനുഭവം പ്രദാനം ചെയ്യുന്നു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തിന്റെ അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയെ അഭിമുഖീകരിക്കുന്ന വലിയ ഗ്രാനൈറ്റ് പര്‍വതത്തില്‍ സ്ഥിതിചെയ്യുന്ന ഡെസേര്‍ട്ട് റോക്ക് റിസോര്‍ട്ടില്‍ 54 വില്ലകളും 10 ആഡംബര സ്യൂട്ടുകളും അടങ്ങിയിരിക്കുന്നു. മരുഭൂമിയുടെ ഭംഗി നിലനിര്‍ത്തുന്ന സവിശേഷമായ രൂപകല്‍പന റിസോര്‍ട്ടിന്റെ പ്രത്യേകതയാണ്. ആളൊഴിഞ്ഞ ഡൈനിംഗ് ഏരിയകള്‍, ലക്ഷ്വറി സ്പാ, മോഹിപ്പിക്കുന്ന ജല മരുപ്പച്ച എന്നിവ ഇവിടെയുണ്ട്. രാത്രിയില്‍ മരുഭൂമിയിലെ ആകാശത്ത് നക്ഷത്രങ്ങളുടെ കാഴ്ചക്ക് തടസ്സമാകാത്ത വിധത്തിലാണ് റിസോര്‍ട്ടിലുടനീളം വെളിച്ചം ഒരുക്കിയിരിക്കുന്നത്. അതിഥികള്‍ക്ക് സവിശേഷമായ ജ്യോതിശാസ്ത്ര അനുഭവം ആസ്വദിക്കാന്‍ ഇത് അവസരമൊരുക്കുന്നു. മദ്യം അടങ്ങിയിട്ടില്ലാത്ത പാനീയങ്ങളും മധുരപലഹാരങ്ങളും നുണഞ്ഞ് നക്ഷത്രനിബിഡമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള ഒബ്‌സര്‍വേറ്ററി ലോഞ്ചും റിസോര്‍ട്ടിലുണ്ട്.
സാംഹാന്‍ ഗേറ്റ്
ചരിത്രപ്രസിദ്ധമായ ദിര്‍ഇയയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലക്ഷ്വറി കളക്ഷന്‍ ഹോട്ടലായ സംഹാന്‍ ഗേറ്റ് ഹോട്ടല്‍, നജ്ദി പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആഡംബരപൂര്‍ണമായ താമസാനുഭവം പ്രദാനം ചെയ്യുന്നു. ആധികാരികതയും ആധുനികതയും സമന്വയിപ്പിക്കുന്ന സവിശേഷ വാസ്തുവിദ്യാ രൂപകല്‍പന ഹോട്ടലിന്റെ പ്രത്യേകതയാണ്. ഇതില്‍ 134 വിശാലമായ മുറികളും സ്യൂട്ടുകളും അടങ്ങിയിരിക്കുന്നു. സമ്പന്നമായ തുണിത്തരങ്ങള്‍, മണ്ണിന്റെ നിറങ്ങള്‍, കരകൗശല വിശദാംശങ്ങള്‍ എന്നിവ അടക്കം സൗദി സംസ്‌കാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനുകളോടെയാണ് റൂമുകളും സ്യൂട്ടുകളും രൂപകല്‍പന ചെയ്തിരിക്കുന്നത്.