ജിദ്ദ – ഉത്തര ജിദ്ദയിലെ അബ്ഹുറില്‍ ഒരുക്കിയ ആദ്യത്തെ മണല്‍ ബീച്ച് ജിദ്ദ നഗരസഭ സന്ദര്‍ശകര്‍ക്കു മുന്നില്‍ തുറന്നു. നഗരത്തില്‍ കൂടുതല്‍ മാതൃകാ പൊതുമണല്‍ ബീച്ചുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഉത്തര അബ്ഹുറിലെ ആദ്യത്തെ മണല്‍ ബീച്ചായ ഫ്യൂച്ചര്‍ ബീച്ച് 17,640 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നഗരസഭ സജ്ജീകരിച്ചത്. ജിദ്ദ കടല്‍തീരങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ജിദ്ദ നഗരസഭ തിരിച്ചുപിടിച്ച സ്ഥലങ്ങളില്‍ ഒന്നാണിത്.
അബ്ഹുറിലെ മണല്‍ ബീച്ചില്‍ ധാരാളം സന്ദര്‍ശകരും വിനോദസഞ്ചാരികളും എത്തുന്നതായി ജിദ്ദ നഗരസഭയിലെ മറൈന്‍ കണ്‍ട്രോള്‍കാര്യ അണ്ടര്‍ സെക്രട്ടറി ക്യാപ്റ്റന്‍ ഥാമിര്‍ നഹാസ് പറഞ്ഞു. കടല്‍ ആസ്വദിക്കാനും സുരക്ഷിതമായി നീന്താനും ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സേവനങ്ങളോടും കൂടിയ സൗജന്യ സുരക്ഷിത ഇടങ്ങള്‍ നല്‍കിക്കൊണ്ട് മണല്‍ ബീച്ച് സംസ്‌കാരം വികസിപ്പിക്കാന്‍ ജിദ്ദ നഗരസഭ ശ്രമിക്കുന്നു.
അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൗദി ഫെഡറേഷന്‍ ഫോര്‍ റെസ്‌ക്യൂ ആന്റ് വാട്ടര്‍ സേഫ്റ്റി അംഗീകാരമുള്ള രക്ഷാപ്രവര്‍ത്തകരുടെ സാന്നിധ്യവും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുന്നുണ്ട്. കടല്‍തീരത്തിന് അനുയോജ്യമായ, കല്ലും മണ്ണും ഇല്ലാത്ത മൃദുവായ മണല്‍ വിരിച്ചാണ് സൗജന്യ പ്രവേശനം നല്‍കുന്ന മണല്‍ ബീച്ചുകള്‍ ഒരുക്കുന്നത്. നാവിഗേഷന്‍ അതിരുകള്‍ അടയാളപ്പെടുത്താനും നീന്തല്‍ മേഖലകള്‍ വേര്‍തിരിക്കാനും പൊങ്ങുകളും സ്ഥാപിക്കുന്നുണ്ട്.
ബീച്ചുകള്‍ ഒരുക്കുന്നതിന്റെയും വികസിപ്പിക്കുന്നതിന്റെയും ഭാഗമായി, അടിയന്തിര സാഹചര്യങ്ങളില്‍ സുരക്ഷയും രക്ഷാപ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സമുദ്ര നിരീക്ഷണ ഗോപുരങ്ങളും ഫലപ്രദവും സുസ്ഥിരവുമായ ലൈറ്റിംഗ് നല്‍കുന്നതിന് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിളക്കു കാലുകളും സ്ഥാപിക്കുന്നുണ്ട്.
ബീച്ച് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും അനുവദനീയമായ നീന്തല്‍ സമയവും നിയമങ്ങളും ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണ ബോര്‍ഡുകളും സ്ഥാപിക്കുന്നുണ്ടെന്ന് ക്യാപ്റ്റന്‍ ഥാമിര്‍ നഹാസ് പറഞ്ഞു.
ഉത്തര അബ്ഹുറില്‍ മറ്റു രണ്ടു മണല്‍ ബീച്ചുകള്‍ ഒരുക്കാനും വികസിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ജിദ്ദ നഗരസഭ തുടരുകയാണ്. ഇതിലൊന്ന് 10,320 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലും മറ്റൊന്ന് 75,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുമാണ് സജ്ജീകരിക്കുന്നത്. നഗരത്തില്‍ മറ്റേതാനും കടല്‍ത്തീരങ്ങളും നഗരസഭ നേരത്തെ വികസിപ്പിച്ചിരുന്നു.