ജിദ്ദ – സൗദിയില്‍ വേനലവധിക്കു ശേഷം നാളെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകും. വിവിധ പ്രവിശ്യകളില്‍ 60 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ തിരികെ എത്തുന്നതോടെ വിദ്യാലയങ്ങൾ വീണ്ടും സജീവമാകും. ഹജ്ജ്, ഉംറ സീസണുകള്‍ കണക്കിലെടുത്ത് മക്ക, മദീന പ്രവിശ്യകളിലും ജിദ്ദ, തായിഫ് സബ്ഗവര്‍ണറേറ്റുകളിലെയും സ്‌കൂളുകള്‍ ഓഗസ്റ്റ് 31നാണ് തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് മുന അല്‍അജമി പറഞ്ഞു.
സ്‌കൂള്‍ കെട്ടിടങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പരിസ്ഥിതി ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പുതിയ അധ്യയന വര്‍ഷത്തിലേക്ക് 92 കോടി റിയാല്‍ (ഏകദേശം 2140 കോടി ഇന്ത്യൻ രൂപ) ചെലവഴിച്ച് പുതിയ 75 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.15,000 ലേറെ സ്‌കൂള്‍ കെട്ടിടങ്ങളില്‍ സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തി. 200 കോടിയിലേറെ റിയാല്‍ (ഏകദേശം 4652 കോടി ഇന്ത്യൻ രൂപ) ചെലവഴിച്ചാണ് 15,000ലേറെ സ്‌കൂള്‍ കെട്ടിടങ്ങളിലും 8,84,000 ലേറെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളിലുമാണ് സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തിയത്.
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള തയാറെടുപ്പിനായി, വിദ്യാഭ്യാസ സൂപ്പര്‍വൈസര്‍മാര്‍, ഓഫീസ് ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുടെ ഡ്യൂട്ടി ദിവസങ്ങള്‍ക്കു മുമ്പ് ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയ വക്താവ് അറിയിച്ചു.
സ്‌കൂളുകളിലെ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളും എത്തിച്ചു.
അധ്യാപക ജീവനക്കാര്‍ക്കുള്ള വേനല്‍ക്കാല പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കുകയും, ഡിജിറ്റല്‍ ക്ലാസുകൾ, വിദ്യാഭ്യാസ സംരംഭങ്ങള്‍ സജീവമാക്കുകയും ചെയ്തു.
റിയാദ് മേഖലയിൽ 6,873 സ്‌കൂളുകളില്‍ 28,40,000 വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളിലേക്ക് എത്തും. കിഴക്കന്‍ മേഖലയിലെ വിദ്യാഭ്യാസ വകുപ്പ് ഏഴു ലക്ഷം വിദ്യാര്‍ഥികളെയാണ് സ്വീകരിക്കാന്‍ ഒരുങ്ങത്. അല്‍ഖസീമില്‍ 2,103 സ്‌കൂളുകളിലായി 3,20,000 വിദ്യാര്‍ഥികളും 35,000 അധ്യാപകരുാണുള്ളത്. അസീര്‍ പ്രവിശ്യയില്‍ 3,430 സ്‌കൂളുകളിലായി 46,398 അധ്യാപകരും 5,25,595 വിദ്യാര്‍ഥികളുമുണ്ട്
തബൂക്ക് വിദ്യാഭ്യാസ വകുപ്പ് 1,209 സ്‌കൂളുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.15,695 അധ്യാപകരും 2,11,372 വിദ്യാര്‍ഥിനികളുമാണ് തബൂക്കില്‍ മേഖലയിലെ സ്കൂളുകളിലുള്ളത്.
ഉത്തര അതിര്‍ത്തി മേഖലയിലെ 426 സ്‌കൂളുകളിലായി 1,00,500ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഹായിലില്‍ 1,300 ലേറെ സ്‌കൂളുകളില്‍ 1,80,000ലേറെ വിദ്യാര്‍ഥികളും 18,000ലേറെ അധ്യാപകരുമുണ്ട്.
അല്‍ജൗഫ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 937 സ്‌കൂളുകളായി 13,465 അധ്യാപകര്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാക്കിയിട്ടുണ്ട്. ജിസാന്‍ വിദ്യാഭ്യാസ വകുപ്പ് 2,556 സ്‌കൂളുകളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി.
നജ്‌റാന്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 980 സ്‌കൂളുകളാണുള്ളത്. ഇവിടങ്ങളില്‍ 1,83,302 വിദ്യാര്‍ഥികളും 10,315 അധ്യാപകരുമുണ്ട്. കൂടാതെ വിദ്യാര്‍ഥികള്‍ക്കായി വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മറ്റൊരു മേഖലയായ അല്‍ബാഹയിൽ 760ലേറെ സ്‌കൂളുകളില്‍ 80,000ലേറെ വിദ്യാര്‍ഥികളും 11,000ലേറെ അധ്യാപകരുമുണ്ട്.