ജിദ്ദ ∙ പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച്, സൗദി അറേബ്യയിൽ ബുക്ക് സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും കർശന പരിശോധനകൾ നടത്തുന്നു. സ്കൂൾ ബാഗുകൾ, യൂനിഫോമുകൾ, നോട്ട്ബുക്കുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയ സംഘങ്ങൾ പരിശോധന നടത്തുന്നതായി അധികൃതർ അറിയിച്ചു.
ഉൽപ്പന്നങ്ങളുടെ ലഭ്യത, ബദൽ ഉൽപ്പന്നങ്ങളുടെ ലഭ്യത, വില ടാഗുകളുടെയും ഇലക്ട്രോണിക് ഡിസ്പ്ലേകളുടെയും സാന്നിധ്യം, ഷെൽഫിലെ വിലയും കാഷ് കൗണ്ടറിലെ വിലയും ഒരേപോലെയാണെന്ന് ഉറപ്പാക്കൽ, ഉൽപ്പന്ന വിവരങ്ങൾ അറബിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന പരിശോധന എന്നിവയാണ് ഈ നടപടികളുടെ ലക്ഷ്യം. കിഴിവുകൾ, പ്രമോഷനുകൾ, മത്സരങ്ങൾ എന്നിവ നിയമാനുസൃതമാണോ എന്നും സ്ഥാപനങ്ങൾ മന്ത്രാലയ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നു. നിയമലംഘകർക്ക് പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
പഠനോപകരണങ്ങൾ വിൽക്കുന്ന കടകളിൽ ഈ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സൗദിയിൽ അടുത്ത ഞായറാഴ്ച പുതിയ അധ്യയന വർഷം ആരംഭിക്കും. പഠനോപകരണ വിപണിയിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്കാണ് ആധിപത്യം. പ്രാദേശിക വിപണിയിൽ വിൽക്കപ്പെടുന്ന പഠനോപകരണങ്ങളിൽ 75% ചൈനീസ് ഉൽപ്പന്നങ്ങളാണ്. വിലക്കുറവും ഉയർന്ന ഗുണമേന്മയും ചൈനീസ് ഉൽപ്പന്നങ്ങളെ ഉപഭോക്താക്കൾക്ക് ആകർഷകമാക്കുന്നു.