- ഉപാധികളോടെ അധികാരം കൈമാറാന്‍ തയാറാണെന്ന് ഹമാസ്
തെല്‍അവീവ് – യുദ്ധാനന്തര ഗാസയുടെ ഭരണം കൈയാളാന്‍ ഹമാസിനെയും ഫലസ്തീന്‍ അതോറിറ്റിയെയും അനുവദിക്കില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസ നിവാസികളെ മറ്റു രാജ്യങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയോടുള്ള പ്രതിജ്ഞാബദ്ധത നെതന്യാഹു വ്യക്തമാക്കി. ഞാന്‍ നേരത്തെ വാഗ്ദാനം ചെയ്തതു പോലെ യുദ്ധാനന്തരം ഹമാസോ പലസ്തീന്‍ അതോറിറ്റിയോ ഗാസയില്‍ ഉണ്ടാകില്ല. വ്യത്യസ്തമായ ഒരു ഗാസ സൃഷ്ടിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പദ്ധതിയോട് ഞാന്‍ പ്രതിജ്ഞാബദ്ധനാണ് – നെതന്യാഹു പറഞ്ഞു.
അതേസമയം, ഫലസ്തീനികളെ പുറത്താക്കി ഗാസ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 27 ന് കയ്റോയില്‍ നടക്കാനിരിക്കുന്ന അടിയന്തിര അറബ് ഉച്ചകോടി കുറച്ച് ദിവസത്തേക്ക് മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഹുസാം സക്കി പറഞ്ഞു. ഉച്ചകോടിയില്‍ അറബ് നേതാക്കളുടെ വിപുലമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ഈജിപ്ത് കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും ഉച്ചകോടി അടുത്ത മാസം ആദ്യ വാരത്തേക്ക് നീട്ടിവെച്ചേക്കാമെന്നും അറബ് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു.
ഗാസ ഭരണം ഫലസ്തീന്‍ അതോറിറ്റിക്കും സര്‍ക്കാര്‍ കമ്മിറ്റിക്കും കൈമാറാന്‍ തയാറാണെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് അയച്ച കത്തില്‍ ഹമാസ് അറിയിച്ചു. ഇതിന് ഗാസയിലെ ജീവനക്കാരെ പുതിയ ഭരണകൂടത്തില്‍ ഉള്‍പ്പെടുത്തുകയോ വേതന വിതരണം ഉറപ്പാക്കി റിട്ടയര്‍മെന്റ് നല്‍കുകയോ ചെയ്യണമെന്ന് ഹമാസ് വ്യവസ്ഥ ചെയ്തു. കയ്റോ സന്ദര്‍ശിച്ച ഹമാസ് പ്രതിനിധി സംഘത്തിനു മേല്‍ ഈജിപ്ത് ശക്തമായ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഗാസയുടെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക് കൈമാറാന്‍ ഹമാസ് സമ്മതിച്ചത് എന്നാണ് വിവരം. ഗാസ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തെ കുറിച്ചും ഫലസ്തീന്‍ തടവുകാരെയും ഇസ്രായിലി ബന്ദികളെയും പരസ്പരം കൈമാറുന്നതിനെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഈയാഴ്ച തുടരുമെന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.
ഫലസ്തീനികളെ പുറത്താക്കി ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന നിലക്ക് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ പ്രസ്താവനകള്‍ അസ്വീകാര്യമായ ധാര്‍ഷ്ട്യമാണെന്ന് മുന്‍ സൗദി രഹസ്യാന്വേഷണ ഏജന്‍സി മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. സൗദി മണ്ണില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നെതന്യാഹുവിന്റെ അവകാശവാദങ്ങള്‍ക്ക് സൗദി അറേബ്യ തക്കതായ മറുപടി നല്‍കിയിട്ടുണ്ട്. നെതന്യാഹുവിന്റെ പ്രസ്താവനകള്‍ വെറുപ്പുളവാക്കുന്ന ധാര്‍ഷ്ട്യമാണ്.
കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയും സ്വയം നിര്‍ണയാവകാശം അടക്കമുള്ള അവകാശങ്ങള്‍ ഫലസ്തീന്‍ ജനതക്ക് ലഭിക്കുകയും ചെയ്യുന്നതിനു മുമ്പായി സൗദി അറേബ്യ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ല. ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് സൗദി അറേബ്യ മുന്‍ഗണന കല്‍പിക്കുന്നു. ഇവ സാക്ഷാല്‍ക്കരിക്കപ്പെടാതെ ഇസ്രായിലുമായുള്ള ഒരു കരാറിനും സ്ഥാനമില്ല.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ അറബ് ലോകത്തിന്റെത് ഏകീകൃത നിലപാട് ആയിരിക്കണം. ഫലസ്തീന്‍ ജനതയുടെ അഭിലാഷങ്ങള്‍ നേടിയെടുക്കാന്‍ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്ന് ഫലസ്തീന്‍ നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. നമ്മള്‍ അറബികളായി ഒറ്റ ഗ്രൂപ്പായി നിന്നാല്‍ ആര്‍ക്കും നമ്മെ സ്വാധീനിക്കാന്‍ കഴിയില്ല. വെല്ലുവിളികള്‍ക്കിടയിലും അറബ് ലോകം ഉറച്ചതും ശക്തവുമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.