റിയാദ് – സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ നാസര്‍ ബിന്‍ റദാന്‍ ആലുറാശിദ് അല്‍വാദഇ റിയാദില്‍ അന്തരിച്ചു. 142 വയസ്സിലാണ് ഇഹലോകവാസം വെടിഞ്ഞത്. അധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് രാജ്യം ഏകീകരിക്കുന്നതിന് സാക്ഷ്യം വഹിച്ച നാസര്‍ അല്‍വാദഇ സുഗന്ധപൂരിതമായ പാരമ്പര്യവും സമ്പന്നമായ ജീവിതവും അവശേഷിപ്പിച്ചാണ് ലോകത്തോട് വിടപറഞ്ഞത്. അബ്ദുല്‍ അസീസ് രാജാവ്, സൗദ് രാജാവ്, ഫൈസല്‍ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് മുതല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ കാലഘട്ടം വരെയുള്ള രാജ്യത്തിന്റെ പ്രയാണത്തിനും ചരിത്രത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് ഒന്നര നൂറ്റാണ്ടോളം ജീവിച്ചു.
ശൈഖ് നാസര്‍ അല്‍വാദഇ ധൈര്യം, ശാരീരിക കരുത്ത്, സൗമ്യ സ്വഭാവം, വിവേകം, അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും അനുരഞ്ജനത്തിലൂടെ പരിഹരിക്കാനുള്ള നിരന്തരമായ ശ്രമങ്ങള്‍, കുലീനത, ധീരത, വിശ്വസ്തത എന്നിവക്ക് പേരുകേട്ടവനായിരുന്നു.
ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്‌റാന്‍ അല്‍ജനൂബില്‍ ഹിജ്‌റ 1305 ലാണ് ജനനം. ജനിക്കുന്നതിനു മുമ്പു തന്നെ പിതാവ് മരണപ്പെട്ടിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സൗദിയിലെ വിവിധ പ്രദേശങ്ങളിലും യെമനിലും ജീവിതമാര്‍ഗം തേടി സഞ്ചരിച്ചു. മുഴുവന്‍ സൗദി ഭരണാധികാരികളെയും സന്ദര്‍ശിക്കാന്‍ പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. സല്‍മാന്‍ രാജാവിനെ നേരിട്ട് കാണണമെന്ന ആഗ്രഹം ശാരീരിക അവശതകള്‍ കാരണം നിറവേറ്റപ്പെടാതെയാണ് മരണപ്പെട്ടത്. ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിനെ സന്ദര്‍ശിക്കുകയും രാജാവ് ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ഉപഹാരം നല്‍കിയത് അബ്ദുല്ല രാജാവായിരുന്നു. അബ്ദുല്ല രാജാവ് ഒരു ലക്ഷം റിയാലാണ് സമ്മാനിച്ചത്. നാല്‍പതു തവണ ഹജ് കര്‍മം നിര്‍വഹിച്ചു. മൂന്നു തവണ വിവാഹം ചെയ്തു. അവസാന വിവാഹം 110-ാം വയസിലായിരുന്നു. ഈ വിവാഹബന്ധത്തില്‍ ഒരു പെണ്‍കുട്ടി പിറന്നു. മൂന്ന് ആണ്‍ മക്കളും പത്തു പെണ്‍മക്കളുമാണുള്ളത്. ആണ്‍ മക്കളില്‍ ഒരാളും പെണ്‍മക്കളില്‍ നാലു പേരും നേരത്തെ മരണപ്പെട്ടിട്ടുണ്ട്. മക്കളും പേരമക്കളുമായി 134 പേരുണ്ട്.



