ജിദ്ദ- സ്വാതന്ത്രാനന്തര കാലത്ത് ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുസ്ലിം രാഷ്ട്രീയവുമായി ബന്ധപ്പെട്ട വാർത്തകൾ സമാഹരിച്ച് സയ്യിദ് അഷ്‌റഫ് എഡിറ്റ് ചെയ്‌ത പുസ്തകം ‘മുസ്ലിം രാഷ്ട്രീയ രേഖകൾ 1947-48’ ജിദ്ദയിൽ പ്രകാശനം ചെയ്‌തു. ഫിറ്റ് ജിദ്ദയുടെ സഹകരണത്തോടെ ഗ്രെയ്‌സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
രാഷ്ട്രീയ ഗവേഷക വിദ്യാർത്ഥികൾക്കുള്ള റഫറൻസ് ഗ്രന്ഥമാണ് മുസ്ലിം രാഷ്ട്രീയ രേഖകൾ. ഇന്ത്യൻ ദേശീയ ചരിത്രത്തിൽ അതിനിർണായകമായ ഒരുകാലഘട്ടമാണ് 1947-48. അന്നത്തെ ദേശീയ സാഹചര്യങ്ങൾ ഒപ്പിയെടുക്കാൻ ഈ ഗ്രന്ഥം ശ്രമിക്കുന്നു. ദരിദ്രമായ കേരള മുസ്ലിം രാഷ്ട്രീയ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥം ഇന്ത്യാ വിഭജനം തീർത്ത മുറിപ്പാടുകൾക്കിടയിലും കേരളത്തിലെ മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ച നിലപാടുകൾ, നവോത്ഥാന നിലപാടുകൾ കൃത്യമായി വരച്ചിടുന്നുണ്ട്.
സി കെ റസാഖ് മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്തു. ഇല്യാസ് കല്ലിങ്ങൽ ഏറ്റുവാങ്ങി. ഇസ്‌ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു. നാസർ വെളിയംകോട് പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥകാരൻ സയ്യിദ് അഷ്‌റഫ് തങ്ങൾ, ഹക്കീം പാറക്കൽ, ഇസ്മായിൽ മുണ്ടുപറമ്പ്, നാണി ഇസ്‌ഹാഖ്, വിപി അബ്ദുറഹിമാൻ, കെ ടി അബൂബക്കർ, അനീസ്, ഷാജു അത്താണിക്കൽ, അരുവി മോങ്ങം, അഷ്‌റഫ് മുല്ലപ്പള്ളി, അബു കട്ടുപ്പാറ, പികെ സുഹൈൽ എന്നിർ പങ്കെടുത്തു. ജാഫർ വെന്നിയൂർ സ്വാഗതവും നൗഫൽ ഉള്ളാടൻ നന്ദിയും പറഞ്ഞു.