ജിദ്ദ- ജനാധിപത്യ മതേതര രാഷ്ട്രീയ സംവിധാനത്തിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃക മുസ്ലിം ലീഗ് ആണെന്നും പാർട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം എഴുപത്തിയേഴ് വർഷങ്ങൾ കൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ടന്നും മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച “ചരിത്രം പിറന്ന രാജാജി ഹാൾ” വിചാര സദസ്സ് അഭിപ്രായപ്പെട്ടു. ഭരണഘടന നിയമ നിർമ്മാണ സഭ മുതൽ ഇതുവരെയുള്ള രാജ്യത്തിന്റെ നിയമനിർമ്മാണ സഭകളിലും പാർട്ടിയുടെ ഇടപെടൽ ഇതിന് ഏറ്റവും ഉദാത്തമായ മാതൃകയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജനായത്ത സംവിധാനത്തിൽ ബഹുസ്വര സമൂഹത്തിൽ ഒരു ന്യൂനപക്ഷത്തെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ച് ഉയർത്താൻ പാർട്ടി നിർവഹിച്ച ഉത്തരവാദിത്വങ്ങൾ മറ്റ് സമൂഹത്തെ കൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു. വിഭാഗീയ ചിന്തകൾക്ക് അതീതമായി മതേതരത്വവും മതസൗഹാർദവും ഉയർത്തിപ്പിടിച്ചാണ് മുസ്ലിം ലീഗ് പിന്നിട്ട കാലഘട്ടങ്ങളിൽ പ്രവർത്തിച്ചതെന്ന് ചരിത്രം സാക്ഷിയാണ്.
മുസ്ലിം ലീഗ് വിഭാവനം ചെയ്ത രാഷ്ട്രീയ ആദർശങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും ഇതുവരെ വ്യതിചലിച്ചിട്ടില്ല. പ്രഖ്യാപിത മുദ്രാവാക്യങ്ങളും പാർട്ടി പതാകയും യാതൊരുവിധ മാറ്റങ്ങൾക്കും വിധേയമാകാതെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ഏക പാർട്ടി മുസ്ലിംലീഗ് മാത്രമാണെന്ന് അരിമ്പ്ര അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന വിചാര സദസ്സ് അഭിപ്രായപ്പെട്ടു.
വി പി അബ്ദുറഹ്മാൻ, ഇസ്ഹാഖ് പൂന്തോളിൽ, നാസർ മച്ചിങ്ങൽ, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, വഹാബ് വടകര, അഷറഫ് മുല്ലപ്പള്ളി, മൂസ പട്ടത്ത്, ആബിദ് പട്ടാമ്പി, നൗഫൽ ഉള്ളാടൻ, ജംഷീർ വള്ളിക്കുന്ന്, സുനീർ ഏറനാട്, ജാഫർ വെന്നിയൂർ, റഹ്മത്തലി കൊണ്ടോട്ടി, മനാഫ് ഏറാടൻ, ഇസി അശ്റഫ് എന്നിവർ പ്രസംഗിച്ചു. വി. പി. മുസ്തഫ സ്വാഗതവും അഷ്റഫ് താഴെക്കോട് നന്ദിയും പറഞ്ഞു.