റിയാദ്: സ്വന്തം നാടിന്റെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് മറ്റൊരു രാജ്യത്ത് ജീവിതമാർഗം കണ്ടെത്തുന്ന പ്രവാസികൾ അധ്വാനിക്കുന്ന യന്ത്രങ്ങളാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂർ അഭിപ്രായപ്പെട്ടു.
അന്നം നൽകുന്ന രാജ്യത്തോടുള്ള കൂറും കടപ്പാടും നില നിർത്തുന്നതോടൊപ്പം സ്വന്തം നാടിൻ്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ അനല്പമായ പങ്കാണ് പ്രവാസികൾക്കുള്ളത്.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) റിയാദ് സംഘടിപ്പിച്ച സെൻട്രൽ എക്സിക്യൂട്ടിവ് ക്യാമ്പായ ‘ഇൽതിസാം2024 ‘ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..
പ്രതിസന്ധികൾക്കിടയിലും മലയാളി പ്രവാസികൾ നയിക്കുന്ന സാമൂഹിക ജീവിതം മാതൃക പരമാണ്. കേരളത്തിലെ സുന്നി പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രവാസം ലോകം കാണിക്കുന്ന സൂക്ഷ്മത അഭിന്ദനാർഹമാണ്. വിവാദങ്ങളെ തന്ത്രപൂർവ്വം പ്രതിരോധിച്ചു വിജയം കണ്ടെത്തുന്ന രീതിയാണ് കേരള മുസ്ലിം ജമാഅത്തും പോഷക ഘടകങ്ങളും സ്വീകരിച്ചു വരുന്നത്. എതിരാളികളുടെ കഴമ്പില്ലാത്ത ആരോപണങ്ങൾക്ക് മുമ്പിൽ സധൈര്യം പിടിച്ചു നിന്ന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നേത്യത്വം , ഐ സി എഫ് അടക്കമുള്ള മുഴുവൻ കൂട്ടായ്‌മകൾക്കും അഭിമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി വായന 2024 വർഷത്തെ വരിക്കാർക്ക് പ്രഖ്യാപിച്ച സൗജന്യ ടിക്കറ്റ് നറുക്കെടുപ്പ് ചടങ്ങിൽ നടന്നു. ദീര സെക്ടറിലെ ഖസാൻ യൂണിറ്റിൽ നിന്നുള്ള സാക്കിറിനെ വിജയിയായി തിരഞ്ഞെടുത്തു.
ബത്ഹ ഡി പാലസിൽ നടന്ന പരിപാടിയിൽ സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ പുബ്ലിക്കേഷൻ പ്രെസിഡെന്റ് അബു സ്വാലിഹ് മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു. സെൻട്രൽ സെക്രറട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സെൻട്രൽ ഫിനാൻസ് സെക്രറട്ടറി ഷമീർ രണ്ടത്താണി നന്ദിയും പറഞ്ഞു.