ജിദ്ദ – ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തിലേറെ തൊഴില്‍ കരാറുകള്‍ ഒപ്പുവെച്ച് വിസകള്‍ അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ എത്യോപ്യ, ബുറുണ്ടി, സിയറലിയോണ്‍, ടാന്‍സാനിയ, ഗാംബിയ എന്നീ രാജ്യങ്ങളെ കഴിഞ്ഞ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തി. ഇതോടെ സൗദിയിലേക്ക് വനിതാ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം 33 ആയി.
ഏതാനും രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നല്‍കാന്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് മന്ത്രാലയം കുറച്ചിട്ടുമുണ്ട്. ഫിലിപ്പൈന്‍സില്‍ നിന്ന് 14,700 റിയാല്‍, ഉഗാണ്ടയില്‍ നിന്ന് 8,300 റിയാല്‍, കെനിയയില്‍ നിന്ന് 9,000 റിയാല്‍ ശ്രീലങ്കയില്‍ നിന്ന് 13,800 റിയാല്‍, ബംഗ്ലാദേശില്‍ നിന്ന് 11,750 റിയാല്‍, എത്യോപ്യയില്‍ നിന്ന് 5,900 റിയാല്‍ എന്നിങ്ങിനെയാണ് നിരക്കുകള്‍ കുറച്ചിരിക്കുന്നത്. മുന്‍കൂട്ടി അറിയുന്ന വനിതാ തൊഴിലാളികളെ കുറഞ്ഞ നിരക്കില്‍ റിക്രൂട്ട് ചെയ്യാന്‍ അവസരമൊരുക്കുന്ന മഅ്‌റൂഫ സേവനവും മുസാനിദ് പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group