അൽബാഹ– വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ കൊലക്കേസ് പ്രതിക്ക് മാപ്പു നൽകി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്. സൗദി പൗരൻ യൂസുഫ് അൽശൈഖിയാണ് അൽബാഹ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ ശുപാർശ മാനിച്ച് തന്റെ മകന്റെ കൊലപാതകിക്ക് മാപ്പ് നൽകിയത്. ദൈവത്തിൽ നിന്ന് പുണ്യം പ്രതീക്ഷിച്ചും പ്രവാചകചര്യ പിന്തുടർന്നുമാണ് പ്രതിക്ക് താൻ മാപ്പ് നൽകിയതെന്ന് പിതാവ് പറഞ്ഞു.
സാഹചര്യം എന്തുതന്നെയായാലും ഒരു അധ്യാപകൻ എന്ന നിലക്ക് തന്റെ വിദ്യാർഥികളിൽ ഒരാളോട് പ്രതികാരം ചെയ്യാൻ കഴിയില്ല. കേസിന്റെ തുടക്കം മുതൽ പ്രതിക്ക് മാപ്പ് ലഭിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും അൽബാഹ ഗവർണർ നിരീക്ഷിച്ചിരുന്നു. തന്റെ മകന് സംഭവിച്ചത് വിധിയാണെന്നും യൂസുഫ് അൽശൈഖി പറഞ്ഞു. അൽബാഹ ഗവർണർ നടത്തിയ മധ്യസ്ഥശ്രമങ്ങളാണ് വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് പ്രതിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.
കേസിൽ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടർന്ന് അൽബാഹയിൽ കഴിഞ്ഞ ദിവസം പ്രതിക്ക് വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ അധികൃതർ പൂർത്തിയാക്കിയിരുന്നു. എന്നാൽ അൽൂബാഹ ഗവർണർ നടത്തിയ മധ്യസ്ഥശ്രമങ്ങളെ തുടർന്ന് ശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ യൂസുഫ് അൽശൈഖി പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
യൂസുഫ് അൽശൈഖി