ജിദ്ദ– ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പി.ജെ.എസ്) ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉല്ലാസ് മെമ്മോറിയല്‍ അവാര്‍ഡ് പ്രമുഖ ഗായിക മുംതാസ് അബ്ദു റഹ്‌മാനും ഷാജി ഗോവിന്ദ് മെമ്മോറിയല്‍ അവാര്‍ഡ് ഗുലൈല്‍ പോളി ക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ അര്‍ഷദ് നൗഫലിനും ലഭിച്ചു. പി.ജെ.എസ് ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അലി റാവുത്തര്‍ അര്‍ഹനായി. ഇന്ന് രാത്രി ജിദ്ദ ലയാലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അമൃതോത്സവം പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
കോഴിക്കോട് മാവൂര്‍ സ്വദേശിയായ മുംതാസ് അബ്ദുറഹിമാന്‍ ജിദ്ദയിലെ സംഗീത വേദികളില്‍ പതിനേഴ് വര്‍ഷമായി സജീവമാണ്. സംഗീത സംവിധായകന്‍ കെ.ജെ. കോയയുടെ സംഗീതത്തില്‍ മിഷന്‍ ചെലമ്പ്ര, അലി അക്ബര്‍ എന്നീ സിനിമകളിലും നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. പ്രശസ്ത ഗായകര്‍ക്കൊപ്പം നിരവധി വേദികളില്‍ പാടി. മലയാളം, ഹിന്ദി, തമിഴ് പാട്ടുകളും മാപ്പിള പാട്ടുകളും ആലപിക്കാറുണ്ട്. മൈത്രി, കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ്, കോഴിക്കോട് ഡിസ്ട്രിക് ഫോറം, വേള്‍ഡ് മലയാളി ഫെഡറേഷന്‍ തുടങ്ങി പ്രമുഖ സാംസ്‌കാരിക സംഘടനകളില്‍ സജീവ അംഗമാണ്. ഹൈജിനിക് പേപ്പര്‍ കമ്പനി മെയിന്റനന്‍സ് മാനേജര്‍ എഞ്ചിനീയര്‍ അബ്ദു റഹ്‌മാനാണ് ഭര്‍ത്താവ്. മകന്‍ മുഹമ്മദ് ആസിമും മകള്‍ മന്‍ഹ ഫാത്തിമയും വിദ്യാര്‍ഥികളാണ്.
ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പുരസ്‌കാരം ലഭിച്ച അലി റാവുത്തര്‍ ജിദ്ദയിലെ സാമൂഹിക സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. പത്തനംതിട്ട തേക്കുതോട് സ്വദേശിയായ അലി 41 വര്‍ഷമായി പ്രവാസിയാണ്. പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ഫൗണ്ടര്‍ മെമ്പറാണ്. വെല്‍ഫെയര്‍ കണ്‍വീനര്‍, പ്രസിഡന്റ്, രക്ഷാധികാരി എന്നീ പദവികളും അലങ്കരിച്ചു. ഭാര്യ സൈനബ, മകന്‍ നിയാസ് അലി, മകള്‍ നജ്മ സിയാദ്.
ജിദ്ദയിലെ ആതുര സേവനരംഗത്തെ സജീവ സാന്നിധ്യമാണ് ഷാജി ഗോവിന്ദ് പുരസ്‌കാരം നേടിയ ഗുലൈല്‍ പോളി ക്ലിനിക് മാനേജിങ് ഡയറക്ടര്‍ അര്‍ഷദ് നൗഫല്‍. 30 വര്‍ഷമായി ആരോഗ്യ രംഗത്ത് സേവനം അനുഷ്ഠിക്കുന്നു. ഭാര്യ താഹിറ. മക്കള്‍: റിയ, റാന, റിസ, അഹമ്മദ് സാലിഹ്.
ഇന്ന് രാത്രി നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍നിന്ന് സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കല്‍, ഗായിക മീംസ് മി (മീമ മുര്‍ഷിദ്), ഗായകന്‍ കലാഭവന്‍ രാജേഷ് എന്നിവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുല്‍ കമലേഷ് കുമാര്‍ മീണയാണ് പരിപാടിയിലെ മുഖ്യാതിഥി.



