ജിദ്ദ: കാലത്തിന്റെ സൗന്ദര്യബോധത്തെ ഉണര്‍ത്തി മലയാളി ജീവിതത്തെയും പ്രകൃതിയെയും സംസ്‌കാരത്തെയും പ്രകാശമാനമാക്കിയ എം.ടി കാലത്തോട് പ്രതികരിച്ച മഹാനായ സര്‍ഗപ്രതിഭയായിരുന്നുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ അനുസ്മരിച്ചു. മലയാളം മിഷന്‍ സൗദിഅറേബ്യ ചാപ്റ്റര്‍ സംഘടിപ്പിച്ച ‘എം.ടി. സ്മൃതി – കാലത്തിനപ്പുറം’ എന്ന വെര്‍ച്വല്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിള പോലെ സ്വച്ഛ സുന്ദരമായി ഒഴുകുന്ന വേറിട്ട ഒരു സാഹിത്യ ഭാഷ മലയാളത്തിന് സംഭാവന ചെയ്ത എം.ടിയുടെ ലളിതവും സുന്ദരവും കാവ്യാത്മകവുമായ ഭാഷയിലുള്ള മഹത്തായ രചനകള്‍ മനുഷ്യസ്‌നേഹവും മാനവികതയും നിറഞ്ഞൊഴുകുന്ന മഹാനദിയാണ്. എം.ടി. എന്നത് രണ്ടക്ഷരമല്ല; ഗുരുത്വം എന്ന മൂന്നക്ഷരമാണെന്നും താനടക്കമുള്ള എഴുത്തുകാരുടെ പല തലമുറകളെ വളര്‍ത്തിയെടുത്ത ഗുരുവും വഴികാട്ടിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യകാരന്‍, സാംസ്‌കാരിക നായകന്‍, ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, പത്രാധിപര്‍ എന്നീ നിലകളിളെല്ലാം ബഹുമുഖപ്രതിഭയായി സൂര്യനെപ്പോലെ ജ്വലിച്ചുനിന്ന എം.ടി നമ്മുടെ സര്‍ഗമണ്ഡലത്തില്‍ എക്കാലവും പ്രകാശനക്ഷത്രമായി തെളിഞ്ഞു നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളം മിഷന്‍ സൗദിഅറേബ്യ ചാപ്റ്റര്‍ പ്രസിഡന്റ് പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു. വിദഗ്ധ സമിതി ചെയര്‍പേഴ്സണ്‍ ഷാഹിദ ഷാനവാസ് ആമുഖ പ്രഭാഷണം നടത്തി. മലയാളം മിഷന്‍ സൗദി ചാപ്റ്ററിനു വേണ്ടി എം.ടി ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ചാപ്റ്റര്‍ ചെയര്‍മാന്‍ താഹ കൊല്ലേത്ത് സംസാരിച്ചു. എഴുത്തുകാരായ ജോസഫ് അതിരുങ്കല്‍, റെജിയ വീരാന്‍, ഇഖ്ബാല്‍ വെളിയങ്കോട്, കെ.എം.സി.സി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി എന്നിവര്‍ അനുസ്മരണ പ്രഭാഷങ്ങള്‍ നടത്തി. മലയാളം മിഷന്‍ റിയാദ് മേഖല കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍. ഷഹീബ പരിപാടിയുടെ അവതാരകയായിരുന്നു.
മലയാളം മിഷന്‍ ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍ സ്വാഗതവും പ്രവര്‍ത്തക സമിതി അംഗം സീബ കൂവോട് നന്ദിയും പറഞ്ഞു. എഴുത്തുകാരായ ബീന, എം.ഫൈസല്‍, നജിം കൊച്ചുകലുങ്ക്, ആര്‍.ഷഹിന, സോഫിയ ഷാജഹാന്‍, ലതിക അങ്ങേപ്പാട്ട്, മനോജ് കാലടി എന്നിവരും സൗദിയിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കളും മലയാളം മിഷന്‍ പ്രവര്‍ത്തകരും അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. മലയാളം മിഷന്‍ ചാപ്റ്റര്‍ ഭാരവാഹികളായ ഡോ. രമേശ് മൂച്ചിക്കല്‍, റഫീഖ് പത്തനാപുരം, ഉബൈസ് മുസ്തഫ, അനുജ രാജേഷ്, കെ.ഉണ്ണിക്കൃഷ്ണന്‍, പി.കെ.ജുനൈസ് എന്നിവര്‍ നേതൃത്വം നല്‍കി.