ദമാം- മലയാള സാഹിത്യലോകത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച എം.ടി എന്ന
ഇതിഹാസ സാഹിത്യകാരന്റെ വേർപാടിൽ സൗദി മലയാളി സമാജം ദമാം ചാപ്റ്റർ അനുശോചിച്ചു. കിഴക്കൻ പ്രവിശ്യയുടെ സാമൂഹിക ,സാഹിത്യ , രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത അനുസ്മരണ യോഗത്തിൽ സൗദി മലയാളി സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ അനുസ്മരണപ്രഭാഷണം നടത്തി. ഡോക്ടർ സിന്ധു ബിനു അധ്യക്ഷത വഹിച്ചു. ഷനീബ് അബൂബക്കർ അനുശോചനപ്രമേയം അവതരിപ്പിച്ചു. .
എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വായനാലോകത്തിന്, ഇന്നലെയും ഇന്നും നാളെയും നിലനിൽക്കുന്ന അമൂല്ല്യനിധികൾ സമ്മാനിച്ചാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞതെന്ന് യോഗം അനുസ്മരിച്ചു. മലയാള ചലച്ചിത്രലോകത്തിനും അവിസ്മരണീയമായ ഒട്ടനേകം ചിത്രങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭയുടെ വിവിധ രചനകളെയും, അനിതര സാധാരണമായ അദ്ദേഹത്തിന്റെ എഴുത്തു ശൈലിയെയും , കാഴ്ചപ്പാടുകളിലെ വ്യത്യസ്തതകൾ കൊണ്ട് ചരിത്രമായി മാറിയ അതുല്യ കൃതികളെക്കുറിച്ചുമെല്ലാം യോഗം അനുസ്മരിച്ചു.
നക്ഷത്ര സമാനമായ വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച, മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് ചേർത്തുവെച്ച എം ടിയുടെ വിയോഗം മലയാളസാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി.
കെ.എം. ബഷീർ( തനിമ ) ആലിക്കുട്ടി ഒളവട്ടൂർ( കെ.എം.സി.സി ) , ബിജു കല്ലുമല( ഒ.ഐ.സി.സി), രഞ്ജിത്ത് വടകര ( നവോദയ ), ഫൗസിയ അനീസ് (പ്രവാസി സാംസ്‌കാരിക വേദി ),മഞ്ജുഷ ലജിത്ത്, ഷമീർ പത്തനാപുരം , ഹമീദ് കാണിച്ചാട്ടിൽ, മാത്തുകുട്ടി പള്ളിപ്പാട്, മോഹൻ വസുധ എന്നിവർ എം.ടിയെ അനുസ്മരിച്ചു. റഊഫ് ചാവക്കാട് സ്വാഗതവും അസ്ഹർ നന്ദിയും പറഞ്ഞു. നജ്മുസ്സമാൻ, ബൈജു രാജ്, ഷാജു അഞ്ചേരി, ബൈജു കുട്ടനാട് ,ബിനു പുരുഷോത്തമൻ, ഹുസൈൻ ചമ്പോലിൽ, ബിനു കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.