ജിദ്ദ – കഴിഞ്ഞ കൊല്ലം 8,500 ലേറെ വിദേശ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. 2022 ല്‍ 4,300 ഓളം വിദേശ നിക്ഷേപ ലൈസന്‍സുകളാണ് അനുവദിച്ചത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അനുവദിച്ച വിദേശ നിക്ഷേപ ലൈസന്‍സുകളില്‍ ഇരട്ടിയോളം വളര്‍ച്ച രേഖപ്പെടുത്തി. റിയാദില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ സ്ഥാപിക്കാന്‍ 200 ലേറെ ബഹുരാഷ്ട്ര കമ്പനികള്‍ ലൈസന്‍സുകള്‍ നേടി. വിഷന്‍ 2030 ആരംഭിച്ച ശേഷം കാലാവധിയുള്ള നിക്ഷേപ ലൈസന്‍സുകളുടെ എണ്ണം 26,000 ലേറെയായി ഉയര്‍ന്നു.
നിക്ഷേപങ്ങള്‍ സ്വകാര്യ മേഖലയുടെ വളര്‍ച്ച ശക്തിപ്പെടുത്തി. ഇതിലൂടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ സംഭാവന വര്‍ധിക്കുകയും നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ കൊല്ലം വിദേശ നിക്ഷേപങ്ങള്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 2.4 ശതമാനമായി.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് 7,200 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് എത്തിയത്. 2017 ല്‍ രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണിത്. കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയിലെ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 80,800 കോടി റിയാലായി ഉയര്‍ന്നു. 2023 ല്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളില്‍ ആറു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞ കൊല്ലം വ്യവസായ മേഖലയില്‍ 9,600 കോടി റിയാലിന്റെ 50 നിക്ഷേപാവസരങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസം വരെയുള്ള കാലത്തെ കണക്കുകള്‍ പ്രകാരം വ്യവസായ മേഖലയിലെ ആകെ നിക്ഷേപങ്ങളില്‍ 37 ശതമാനം വിദേശ നിക്ഷേപങ്ങളും സംയുക്ത നിക്ഷേപങ്ങളുമാണ്. മെയ് മാസത്തെ കണക്കുകള്‍ പ്രകാരം വ്യവസായ മേഖലയില്‍ 54,200 കോടി റിയാലിന്റെ വിദേശ നിക്ഷേപങ്ങളും സംയുക്ത നിക്ഷേപങ്ങളുമുണ്ട്. കഴിഞ്ഞ കൊല്ലം റിയാദിലും ജിസാനിലും റാസല്‍ഖൈറിലും ഉത്തര ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലുമായി നാലു പ്രത്യേക സാമ്പത്തിക മേഖലകള്‍ സ്ഥാപിച്ചു.
ലോകമെമ്പാടും നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ സഹായിക്കുന്നു. ഇതിനകം 3,000 ലേറെ കോടി റിയാലിന്റെ നിക്ഷേപങ്ങള്‍ ഈ നാലു പ്രത്യേക സാമ്പത്തിക മേഖലകളിലും എത്തിയിട്ടുണ്ട്. സൗദിയിലെ സംരംഭങ്ങളുടെ വൈവിധ്യവും ബാഹുല്യവും നിരവധി മേഖലകളില്‍ നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ കേന്ദ്രമാക്കി രാജ്യത്തെ മാറ്റി. ഇത് നിക്ഷേപകര്‍ക്ക് വളര്‍ന്ന് വികസിക്കാന്‍ അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്തു. സൗദി സമ്പദ്‌വ്യവസ്ഥയുടെ കരുത്തും സൗദി സമ്പദ്‌വ്യവസ്ഥയിലുള്ള ലോകത്തിന്റെ വിശ്വാസവും ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതായും നിക്ഷേപ മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group