മക്ക – വിവിധ രാജ്യക്കാരായ 4,345 ഭിക്ഷാടകരെ വിശുദ്ധ റമദാനില്‍ ഹറമില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ പിടികൂടിയതായി പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. വിശുദ്ധ ഹറമിലും മക്കയിലും ഒരു തരത്തിലുമുള്ള നിഷേധാത്മക പ്രവണതകളും അനുവദിക്കില്ല. എല്ലായിടത്തും സുരക്ഷാ സൈനികരുടെ സാന്നിധ്യമുണ്ട്. നിഷേധാത്മക പ്രവണതകള്‍ തടയാന്‍ ഇവര്‍ക്ക് കഴിയും.
റമദാന്‍ അവസാന പത്തില്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രയാസരഹിതമായും എളുപ്പത്തിലും ഉംറ നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് അനുയോജ്യമായ സമയം തെരഞ്ഞെടുക്കണം. ഏറ്റവും ഭംഗിയായ നിലക്ക് സേവിക്കാന്‍ സുരക്ഷാ സൈനികരെ തീര്‍ഥാടകരും വിശ്വാസികളുമാണ് സഹായിക്കേണ്ടത്. വിശുദ്ധ റമദാനിലെ കഴിഞ്ഞ ഇരുപതു ദിവസങ്ങളില്‍ ഹറം സന്ദര്‍ശകര്‍ ഉയര്‍ന്ന അച്ചടക്കം കാണിക്കുകയും സുരക്ഷാ സൈനികരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തു. തീര്‍ഥാടകരെയും വിശ്വാസികളെയും സേവിക്കാനാണ് സുരക്ഷാ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നും പൊതുസുരക്ഷാ വകുപ്പ് മേധാവി പറഞ്ഞു.
വിശുദ്ധ ഹറമിലെ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അവസാന പത്തിലേക്ക് വിവിധ സുരക്ഷാ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ വിലയിരുത്തി. ആള്‍ക്കൂട്ട നിയന്ത്രണം, സുരക്ഷാ നിരീക്ഷണം, ഹറമിന്റെ കവാടങ്ങള്‍ വഴി തീര്‍ഥാടകരുടെയും വിശ്വാസികളുടെയും പ്രവേശനവും പുറത്തിറങ്ങലും ക്രമീകരിക്കല്‍ എന്നിവ പൊതുസുരക്ഷാ വകുപ്പ് മേധാവി പരിശോധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group