ജിദ്ദ – കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയില്‍ ഓര്‍ഡര്‍ ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്ന സജീവ സൗദി ഡ്രൈവര്‍മാരുടെ എണ്ണം 1,40,000 ലേറെ ആയും സൗദി ഇതര ഡ്രൈവര്‍മാരുടെ എണ്ണം 3,02,000 ലേറെ ആയും ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്. ഓര്‍ഡര്‍ ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്ന സൗദി ഡ്രൈവര്‍മാരുടെ എണ്ണം 21 ശതമാനവും വിദേശികളുടെ എണ്ണം അഞ്ചു ശതമാനവും തോതില്‍ കഴിഞ്ഞ വര്‍ഷം വര്‍ധിച്ചു. കഴിഞ്ഞ കൊല്ലം 29 കോടി ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തു. 2023 നെ അപേക്ഷിച്ച് 2024 ല്‍ ഡെലിവറി ചെയ്ത ഓര്‍ഡറുകളുടെ എണ്ണം 27.2 ശതമാനം തോതില്‍ വര്‍ധിച്ചു. ശരാശരി ഡെലിവറി സമയം 45 മിനിറ്റില്‍ നിന്ന് 35 മിനിറ്റായി കുറഞ്ഞു.


കഴിഞ്ഞ വര്‍ഷം 18 കോടിയിലേറെ പാര്‍സലുകള്‍ വിതരണം ചെയ്തു. 2023 ല്‍ 14 കോടി പാര്‍സലുകളാണ് വിതരണം ചെയ്തത്. ശരാശരി പാര്‍സല്‍ ഡെലിവറി സമയം രണ്ടു ദിവസമായി കുറഞ്ഞു. ധാരണാ പ്രകാരമുള്ള പാര്‍സല്‍ ഡെലിവറി സമയത്തിന്റെ കൃത്യനിഷ്ഠാ അനുപാതം 96 ശതമാനമായി കഴിഞ്ഞ വര്‍ഷം വര്‍ധിച്ചു. 2023 ല്‍ ഇത് 94 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം കടല്‍ മാര്‍ഗം 33.13 കോടി ടണ്‍ ചരക്കുകള്‍ നീക്കം ചെയ്തു. കരാതിര്‍ത്തി പോസ്റ്റുകള്‍ വഴി 2.57 കോടി ടണ്‍ ചരക്കുകളും റെയില്‍ വഴി 1.56 കോടി ടണ്‍ ചരക്കും വിമാന മാര്‍ഗം 12 ലക്ഷം ടണ്‍ ചരക്കും നീക്കം ചെയ്തു.
സജീവമായ ലോജിസ്റ്റിക്‌സ് സെന്ററുകളുടെ എണ്ണം 23 ആയി വര്‍ധിച്ചു. ഇവയുടെ ആകെ വിസ്തീര്‍ണം 3.46 കോടി ചതുരശ്ര മീറ്ററാണ്. 2023 ല്‍ 22 ലോജിസ്റ്റിക്‌സ് സെന്ററുകളാണ് രാജ്യത്തുണ്ടായിരുന്നത്. മക്ക പ്രവിശ്യയില്‍ ആറു ലോജിസ്റ്റിക്‌സ് സെന്ററുകളുണ്ട്. ഇവയുടെ ആകെ വിസ്തീര്‍ണം 2.04 കോടി ചതുരശ്ര മീറ്ററാണ്. ലൈസന്‍സുള്ള വാണിജ്യ വെയര്‍ഹൗസുകളുടെ ആകെ എണ്ണം 12,234 ആയി. ഇവയുടെ ആകെ വിസ്തീര്‍ണം 2.2 കോടിയിലേറെ ചതുരശ്ര മീറ്ററാണ്. ഏറ്റവും കൂടുതല്‍ വാണിജ്യ വെയര്‍ഹൗസുകളുള്ളത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 6,763 വെയര്‍ഹൗസുകളുണ്ട്. ഇവയുടെ ആകെ വിസ്തീര്‍ണം 1.07 കോടി ചതുരശ്രമീറ്ററാണ്. നിര്‍മ്മാണ വെയര്‍ഹൗസുകളുടെ എണ്ണം 1,189 ആയി ഉയര്‍ന്നു. ഇവയുടെ ആകെ വിസ്തീര്‍ണം 75 ലക്ഷം ചതുരശ്ര മീറ്ററാണ്.
കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ സാധുവായ ലൈസന്‍സുകള്‍ ശ്രദ്ധേയമായ നിലക്ക് വര്‍ധിച്ചു. 2024 അവസാനത്തോടെ കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ തുറമുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 1,179 സ്ഥാപനങ്ങള്‍ക്കും കരാര്‍ പോസ്റ്റുകളില്‍ 465 സ്ഥാപനങ്ങള്‍ക്കും എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന 465 സ്ഥാപനങ്ങള്‍ക്കും ലൈസന്‍സുകളുണ്ട്. കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ തുറമുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 26.1 ശതമാനം തോതില്‍ വര്‍ധിച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.



