ജിദ്ദ: 2025 ഹജ് സീസണിൽ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ 1.9 കോടിയിലേറെ യാത്രക്കാർ എത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. 116 വിമാന കമ്പനികളുടെ പങ്കാളിത്തത്തോടെ 1,28,000-ലേറെ വിമാന സർവീസുകൾ നടത്തി, ഇതിൽ 14 ലക്ഷത്തിലേറെ ഹജ് തീർഥാടകർ ആറ് പ്രധാന വിമാനത്താവളങ്ങളിലെ 12 ടെർമിനലുകൾ വഴി രാജ്യത്തെത്തി.
ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ എന്ന പദ്ധതി പ്രകാരം, മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിൽ ഹാജിമാരുടെ ബാഗേജുകൾ നേരിട്ടെത്തിച്ചു. ഈ സേവനം 10 ലക്ഷത്തിലേറെ തീർഥാടകർക്ക് പ്രയോജനപ്പെടുകയും 16 ലക്ഷത്തിലേറെ ബാഗേജുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. കൂടാതെ, 8,56,000 സംസം വാട്ടർ ബോട്ടിലുകൾ മുൻകൂട്ടി കാർഗോ വഴി തീർഥാടകരുടെ രാജ്യങ്ങളിലേക്ക് അയച്ചു. സൗദി അറേബ്യ റെയിൽവേയ്‌സുമായി സഹകരിച്ച്, ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയുമായി ബന്ധിപ്പിച്ച വിമാന സർവീസുകൾ 2,53,000 ഹാജിമാർക്ക് പ്രയോജനപ്പെട്ടു.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, യാമ്പുവിലെ പ്രിൻസ് അബ്ദുൽ മുഹ്‌സിൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ഹജ് തീർഥാടകരെ സ്വീകരിക്കാൻ നിശ്ചയിച്ചിരുന്ന ആറ് വിമാനത്താവളങ്ങൾ. റിയാദ്, ദമാം വിമാനത്താവളങ്ങൾ ഹജ് സർവീസുകൾക്കുള്ള കണക്ഷൻ ഹബ്ബുകളായി പ്രവർത്തിച്ചു.
സൗദി വിഷൻ 2030-ന്റെ ഭാഗമായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന് കീഴിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ മക്ക റൂട്ട് പദ്ധതിയിൽ അതോറിറ്റി പങ്കാളിയായി. ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ഈ പദ്ധതി പ്രകാരം തീർഥാടകർക്കായി പ്രത്യേക സ്വീകരണ ലോഞ്ചുകൾ ഒരുക്കി.
തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനും നടപടിക്രമങ്ങള്‍ സുഗമമാക്കാനും അവര്‍ക്ക് എളുപ്പത്തിലും മനസ്സമാധാനത്തോടെയും കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനുമുള്ള ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതിലൂടെയാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ ഈ വര്‍ഷത്തെ ഹജ് സീസന്‍ പ്രവര്‍ത്തന പദ്ധതി വിജയകരമായി പൂര്‍ത്തിയായതെന്ന് അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുവൈലിജ് പറഞ്ഞു.
വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുമായി ഏകോപിപ്പിച്ച് തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഹജ് ടെര്‍മിനലുകളില്‍ എത്തുന്നതു മുതല്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നതുവരെ തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് അതോറിറ്റി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗദി വിമാനത്താവളങ്ങളില്‍ നല്‍കുന്ന സേവനങ്ങളില്‍ തീര്‍ഥാടകരുടെ സംതൃപ്തിയില്‍ ഇത് പ്രതിഫലിച്ചതായും അബ്ദുല്‍ അസീസ് അല്‍ദുവൈലിജ് പറഞ്ഞു. ഹജ് സീസണില്‍ തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനായി വിമാനത്താവളങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച പ്രത്യേക വകുപ്പ് വഴി അതോറിറ്റി കൃത്യമായ മാനദണ്ഡങ്ങള്‍ നടപ്പാക്കിയിയിരുന്നു.