മക്ക – ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷത്തിലേറെ ഹജ് തീര്‍ഥാടകര്‍ എത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ഏറ്റവും മികച്ച നിലയില്‍ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതിന് ഹാജിമാര്‍ രാജ്യത്തെ നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം. മക്ക റൂട്ട് പദ്ധതി ഹജ് തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കി. പദ്ധതി പ്രയോജനപ്പെടുത്തുന്നവരുടെ ലഗേജുകള്‍ നേരെ താമസസ്ഥലങ്ങളില്‍ എത്തിച്ച് നല്‍കുന്നു. ഈ വര്‍ഷം മക്ക റൂട്ട് പദ്ധതി പ്രയോജനം രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജ് നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ അപകടത്തെയും വ്യാജ ഹജ് സര്‍വീസ് കമ്പനികളെയും കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ലോകത്തെ 20 ലേറെ രാജ്യങ്ങളില്‍ ഹജ്, ഉംറ മന്ത്രാലയം മുന്‍കൈയെടുത്ത് ബോധവല്‍ക്കരണ കാമ്പയിനുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് പതിനായിരത്തിലേറെ വളണ്ടിയര്‍മാര്‍ ഹജ് സേവന മേഖലയില്‍ പങ്കാളിത്തം വഹിക്കുന്നു. മധ്യവര്‍ത്തികളും ടൂര്‍ ഓപ്പറേറ്റര്‍മാരുമില്ലാതെ ലോകത്തെ 126 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇലക്‌ട്രോണിക് രീതിയില്‍ ഹജിന് അപേക്ഷിക്കാന്‍ സാധിക്കും. ഹാജിമാര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത് തടയാന്‍ വേണ്ടിയാണ് ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നുസുക് ആപ്പ് ഹാജിമാര്‍ക്ക് 120 ലേറെ സേവനങ്ങള്‍ നല്‍കുന്നു. ഹജിനു മുന്നോടിയായി ജംറ കോംപ്ലക്‌സ് ഒരുക്കാനുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജംറ കോംപ്ലക്‌സിനു മുകളില്‍ തണല്‍കുടകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചൂട് കുറക്കാന്‍ ജംറയില്‍ വാട്ടര്‍ സ്‌പ്രേ ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു. വൈകാതെ ഹജ് തീര്‍ഥാടകര്‍ക്ക് എയര്‍ ടാക്‌സി, ഡെലിവറി സേവനങ്ങള്‍ നല്‍കുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group