റിയാദ് – ഭൂവിനിയോഗം നിയന്ത്രിക്കാനും നഗര പരിസ്ഥിതി മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഉത്തര റിയാദിലെ ഏതാനും ഡിസ്ട്രിക്ടുകളില്‍ അനധികൃതമായി സ്ഥാപിച്ച 111 തമ്പുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് റിയാദ് നഗരസഭ നീക്കം ചെയ്തു. അല്‍ആരിദ്, അല്‍ഖൈറവാന്‍, അല്‍ഖൈര്‍, ബന്‍ബാന്‍ ഡിസ്ട്രിക്ടുകള്‍, കിംഗ് ഫഹദ് റോഡ്, സല്‍ബൂഖ് റോഡ് എന്നിവിടങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തിയാണ് അനധികൃതവും നിയമവിരുദ്ധവുമായ തമ്പുകള്‍ നീക്കം ചെയ്തത്. നിയമ ലംഘകര്‍ക്ക് നഗരസഭ നോട്ടീസുകള്‍ നല്‍കി.
പരിശോധനക്കിടെ 34 കന്നുകാലി കൂടുകള്‍ പിടിച്ചെടുക്കുകയും ലൈസന്‍സില്ലാത്ത രണ്ട് കശാപ്പുശാലകള്‍ പൊളിച്ചുമാറ്റുകയും ചെയ്തു. സുസ്ഥിര നഗര വികസനവും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളും എന്ന മുനിസിപ്പാലിറ്റിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, നിയമ ലംഘനങ്ങള്‍ കണ്ടെത്താനും തുറസ്സായ സ്ഥലങ്ങളുടെ സംഘടിത ഉപയോഗം പ്രോത്സാഹിപ്പിക്കാനുമായി റിയാദ് മുനിസിപ്പാലിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായുള്ള പങ്കാളിത്തത്തോടെ പരിശോധനകള്‍ തുടരുകയാണ്.



