ജിദ്ദ – കൂടുതല്‍ വനിതകള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതിന്റെ ഫലമായി നാലാം പാദത്തില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമായി കുറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിടാന്‍ തുടങ്ങിയ ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. മൂന്നാം പാദത്തില്‍ 8.6 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. നാലാം പാദത്തില്‍ സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 13.7 ശതമാനമായി കുറഞ്ഞു. മൂന്നു മാസത്തിനിടെ സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2.6 ശതമാനം തോതില്‍ കുറഞ്ഞു. നാലാം പാദത്തില്‍ സ്വദേശി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനമായി മാറ്റമില്ലാതെ തുടര്‍ന്നു.
മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ സ്വകാര്യ മേഖലയില്‍ സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം 2.1 ശതമാനം തോതില്‍ ഉയര്‍ന്നു. നാലാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ 10.8 ലക്ഷം സൗദി വനിതകള്‍ ജോലി ചെയ്യുന്നു. നാലാം പാദത്തില്‍ സ്വകാര്യ മേഖലയിലെ ആകെ സൗദി ജീവനക്കാര്‍ 1.5 ശതമാനം തോതില്‍ ഉയര്‍ന്ന് 27.4 ലക്ഷമായി. സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത് ആദ്യമാണ്. മൊത്തം സൗദി ജനസംഖ്യയില്‍ തൊഴിലില്ലായ്മ നിരക്ക് 0.7 ശതമാനം തോതില്‍ കുറഞ്ഞ് 4.4 ശതമാനമായതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group