ജിദ്ദ- കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമായ മുൻ കെ.പി.സി.സി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ എഴുപത്തിഒമ്പതാമത് ചരമദിനത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി (ജിദ്ദ )അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുൽ അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ ഷറഫിയയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങ് ഒ.ഐ.സി.സി ഗ്ലോബൽ അംഗം സി.എം അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണ്ണയിച്ച മഹാനുഭാവൻമാരായ നേതാക്കളുടെ നിരയിൽ ജ്വലിച്ചു നിൽക്കുന്ന മഹാവ്യക്തിത്വമാണ് അബ്ദുറഹ്മാൻ സാഹിബ്. ഖിലാഫത് കമ്മറ്റി സെക്രട്ടറി, കെപിസിസി അധ്യക്ഷൻ, തൊഴിലാളി നേതാവ്, സാമൂഹ്യ പരിഷ്ക്കർത്താവ്, കർഷക പ്രക്ഷോഭകൻ, പത്രാധിപർ എന്നീ നിലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് സി.എം അഹമ്മദ് അനുസ്മരിച്ചു.
ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ അനുസ്മരണ പ്രഭാഷണം നടത്തി. ശക്തമായ മത വിശ്വാസം മുറുകെ പിടിക്കുമ്പോൾ തന്നെ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട്, രാജ്യ നന്മക്കും, ദേശീയതക്കും വേണ്ടി എങ്ങിനെ പ്രവർത്തിക്കണമെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ധീര ദേശാഭിമാനിയായിരുന്നു അബ്ദുറഹ്മാൻ സാഹിബ്. യാഥാസ്ഥിതികരായ മുസ്ലിം സമുദായത്തെ ദേശീയതയുടെ മുഖ്യധാരയിലേക്ക് നയിച്ച മഹാനായ നേതാവായിരുന്നു അദ്ദേഹമെന്നും ഇസ്മയിൽ അനുസ്മരിച്ചു.
ഒഐസിസി ജിദ്ദ റീജിയണൽ കമ്മറ്റി ജനറൽ സെക്രട്ടറി, ആസാദ് പോരൂർ, ഒഐസിസി നാഷണൽ കമ്മറ്റി അംഗം അനിൽകുമാർ പത്തനംതിട്ട, ബാവ പേങ്ങാടൻ, മലപ്പുറം ഡി.സി.സി അംഗം മുഹമ്മദ് മേലാറ്റൂർ, എന്നിവർ സംസാരിച്ചു. സെക്രട്ടറി കമാൽ കളപ്പാടൻ സ്വാഗതവും ഷാജു റിയാസ് നന്ദിയും പറഞ്ഞു.