ജിദ്ദ: പ്രധാനമന്ത്രി നരേന്ദ്രമോഡി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവരടങ്ങുന്ന പതിനൊന്നംഗ ഉന്നതതല ഇന്ത്യന്‍ സംഘം നാളെ (ചൊവ്വ) ജിദ്ദയില്‍. 1982 ഏപ്രിലില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുപ്രധാന സന്ദര്‍ശനത്തിനു ശേഷം, കൃത്യമായി 43 വര്‍ഷം തികയുമ്പോള്‍, ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയില്‍ സന്ദര്‍ശനം നടത്തുന്നത്. 2016, 2019 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തലസ്ഥാനമായ റിയാദ് സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള
നൂറ്റാണ്ടിന്റെ ചരിത്രപ്പഴമയിലേക്ക് തിരികെ വിളിക്കുന്ന പുത്തന്‍ ചുവടുവെപ്പായിരിക്കും മോഡിയുടെ ജിദ്ദാ പര്യടനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 27 ലക്ഷം ഇന്ത്യക്കാര്‍ അധിവസിക്കുന്ന സൗദി അറേബ്യയും ഇന്ത്യയും പരമ്പരാഗതമായി കാത്ത് സൂക്ഷിക്കുന്ന സൗഹൃദപാതയില്‍ പുതിയ നാഴികക്കല്ല് നാട്ടുന്നതായിരിക്കും രണ്ടുനാള്‍ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനമെന്നുറപ്പ്.
വിവിധ മേഖലകളിലെ ഉഭയതല സാംസ്‌കാരിക- രാഷ്ട്രീയ- വാണിജ്യബന്ധങ്ങളില്‍ പുതിയ അധ്യായങ്ങള്‍ വിരചിക്കുന്ന സുപ്രധാന സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി 22, 23 തിയതികളില്‍ ജിദ്ദയിലുണ്ടാകും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേകക്ഷണമനുസരിച്ച് ജിദ്ദയിലെത്തുന്ന പ്രധാനമന്ത്രിക്ക് ഔദ്യോഗികമായ വരവേല്‍പ് നല്‍കും. ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണശേഷം ഇന്ത്യക്കാര്‍ കൂടുതലായി ജോലി ചെയ്യുന്ന ലേബര്‍ ക്യാംപ് സന്ദര്‍ശനവും പ്രധാനമന്ത്രിയുടെ പരിപാടിയിലുണ്ട്.
2016 ലും 2019 ലും റിയാദില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി കരാറുകളൊപ്പിട്ടിരുന്നു.
ജി – 20 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ 2023 ല്‍ ഡല്‍ഹിയിലെത്തിയിരുന്ന സൗദി കിരീടാവകാശി ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ആദ്യയോഗത്തിന്റെ അധ്യക്ഷപദവിയും മോഡിയോടൊപ്പം അലങ്കരിച്ചിരുന്നു. കൗണ്‍സിലിന്റെ രണ്ടാമത് യോഗം ബുധനാഴ്ച ജിദ്ദയിൽ ചേരും.
പ്രതിരോധമേഖലയിലും ഊര്‍ജ- സാങ്കേതിക രംഗങ്ങളിലും സുരക്ഷിതത്വ- ആരോഗ്യ- ടൂറിസ രംഗങ്ങളിലും ഒപ്പം നിക്ഷേപ-വാണിജ്യ മേഖലകളിലുമെല്ലാം ശക്തമായ അടിത്തറയാണ് ഇന്ത്യയും സൗദിയും കഴിഞ്ഞ പതിറ്റാണ്ടില്‍ സ്ഥാപിച്ചിട്ടുള്ളത്. വിവിധ സെക്ടറുകളിലെ പരസ്പര വിനിമയം ഇരുരാജ്യങ്ങളുടേയും സമ്പദ്ഘടനയെ കുറഞ്ഞ കാലയളവിനുള്ളില്‍ സുദൃഢമാക്കാനും ഉപകരിച്ചു. ഊര്‍ജ – പ്രതിരോധ മേഖലയില്‍ കൂടുതല്‍ ധാരണാപത്രങ്ങള്‍ ഒപ്പ് വെക്കാനും സാധ്യതയുണ്ട്. ഇലക്ട്രിക്കല്‍ ഇന്റര്‍കണക് ഷന്‍, ഗ്രീന്‍ ആന്റ് ക്ലീന്‍ ഹൈഡ്രജന്‍ മേഖലകളിലെ ഉഭയകക്ഷി ധാരണാപത്രങ്ങളുടെ കൈമാറ്റവും ഈ സന്ദര്‍ശനത്തിലുണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി അറിയിച്ചു. റഷ്യ-ഉക്രൈന്‍ സംഘര്‍ഷവും യെമന്‍ പ്രതിസന്ധിയും മേഖലയിലെ മറ്റു സുരക്ഷാപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടും.
മര്‍മ്മപ്രധാനമായ മേഖലകളിലെ ഇന്ത്യ-സൗദി സൗഹൃദം സുദൃഢമാക്കുന്നതിനുള്ള സുപ്രധാനചര്‍ച്ചകള്‍ ഉഭയകക്ഷി തലത്തില്‍ നടത്തുന്നതിനും കൂടുതല്‍ കരാറുകള്‍ സംബന്ധിച്ച ആശയവിനിമയത്തിനും പ്രധാനമന്ത്രിയുടേയും സൗദി ഭരണാധികാരികളുടേയും ഉന്നതതല കൂടിക്കാഴ്ച ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഓരോ വര്‍ഷവും ഒന്നേ മുക്കാല്‍ ലക്ഷം ഇന്ത്യന്‍ ഹജ് തീര്‍ഥാടകരെ വരവേല്‍ക്കുന്ന സൗദി അറേബ്യയില്‍ ഇക്കൊല്ലത്തെ ഹജിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. സ്വകാര്യ ഹജ് ഗ്രൂപ്പുകൾ നേരിടുന്ന പുതിയ പ്രതിസന്ധിയും ചർച്ചാ വിഷയമായേക്കും. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മോഡിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യുന്നതിനായി oൽഹി, ദുബായ് എന്നിവിടങ്ങളിൽ നിന്നായി ഒരു ഡസൻ മാധ്യമപ്രവർത്തകർ ജിദ്ദയിലെത്തി. ദൂരദർശൻ ഡൽഹി ബ്യൂറോ ചീഫ് അമൃതപാൽ സിംഗ് ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്.