ജിദ്ദ- പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചു. ജിദ്ദയിൽനിന്ന് പ്രധാനമന്ത്രി നേരെ കശ്മീരിലേക്കാണ് പോകുന്നത് എന്നാണ് സൂചന. രാത്രി പതിനൊന്നു മണിയോടെയാണ് മോഡി ഇന്ത്യയിലേക്ക് തിരിച്ചത്. നാളെ രാവിലെ മോഡി കശ്മീർ സന്ദർശിക്കും. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായോട് കശ്മീരിലേക്ക് പോകാൻ മോഡി നിർദ്ദേശിച്ചിരുന്നു. നിലവിൽ അമിത് ഷാ കശ്മീരിലാണുള്ളത്. ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ വേദനയിൽ പങ്കു ചേരുന്നതായും സഹായം വാഗ്ദാനം ചെയ്യുന്നതായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രധാനമന്ത്രി മോഡിയോട് പറഞ്ഞു.
നാളെ(ബുധൻ)ജിദ്ദയിലെ ഈത്തപ്പഴ ഫാക്ടറി സന്ദർശിച്ച് ഇന്ത്യൻ തൊഴിലാളികളുമായി സംവദിക്കാൻ മോഡി തീരുമാനിച്ചിരുന്നു. എന്നാൽ ലോകം മുഴുവൻ നടുങ്ങിയ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ സന്ദർശനം വെട്ടിച്ചുരുക്കി മോഡി ഇന്ത്യയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇന്ന് രാത്രി കിരീടാവകാശി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുക്കാതെയാണ് മോഡി മടങ്ങുന്നത്. പ്രധാനമന്ത്രി മടങ്ങുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാളെ രാത്രി തിരിച്ചെത്തുമെന്നാണ് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും, ബുധനാഴ്ച പുലർച്ചെ അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
‘ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി മോഡിയെ ടെലിഫോണിൽ വിളിച്ചാണ് ട്രംപ് അനുശോചനം അറിയിച്ചത്. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച പ്രസിഡന്റ് ട്രംപ്, ഈ ഹീനമായ ആക്രമണത്തിന്റെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിൽക്കുന്നുവെന്നും ട്രംപ് പറഞ്ഞു.