ജിദ്ദ – സൗദി ഡോക്ടര്‍മാരെ പരമാവധി മൂന്നു സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുവദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് പ്രൊഫഷന്‍ പ്രാക്ടീസ് ലൈസന്‍സ് വ്യവസ്ഥകളില്‍ വിപുലമായ ഭേദഗതികള്‍ മന്ത്രാലയം വരുത്താന്‍ തുടങ്ങി. ഇതനുസരിച്ച് ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നേടിയും ഓരോ ആശുപത്രിയിലും ആവശ്യമായ മിനിമം ജീവനക്കാരുടെ എണ്ണം പാലിച്ചും സൗദി കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, സൗദി സീനിയര്‍ ഫിസിഷ്യന്‍, പ്രീമിയം ഇഖാമ ഉടമകളായ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പരമാവധി മൂന്ന് ആശുപത്രിളില്‍ ജോലി ചെയ്യാന്‍ കഴിയും. ഓരോ ആശുപത്രിയിലും ഇത്തരക്കാര്‍ ജോലി ചെയ്യുന്ന സമയം മന്ത്രാലയത്തെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇങ്ങിനെ ഒന്നിലധികം ആശുപത്രികളില്‍ സേവമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ മറ്റൊരു ആശുപത്രിയില്‍ മുഴുസമയ ഹാജര്‍ ആവശ്യമുള്ള പദവി വഹിക്കരുതെന്നും നിബന്ധനയുണ്ട്.
ഹെല്‍ത്ത് പ്രൊഫഷന്‍ പ്രാക്ടീസ് ലൈസന്‍സ് കാലഹരണപ്പെട്ടാല്‍, ലൈസന്‍സ് പുതുക്കുന്നതുവരെ ആശുപത്രികള്‍ ഡോക്ടര്‍മാരെ ജോലിയില്‍ നിന്ന് അകറ്റിനിര്‍ത്തണമെന്നും ഡോക്ടര്‍മാരുമായുള്ള തൊഴില്‍ കരാര്‍ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സ്ഥാപനങ്ങള്‍ മന്ത്രാലയത്തെ അറിയിക്കാന്‍ ബാധ്യസ്ഥരാണെന്നും ഭേദഗതികള്‍ വ്യക്തമാക്കുന്നു. പ്രത്യേക വ്യവസ്ഥകള്‍ക്ക് വിധേയമായി, ജോലി ചെയ്യുന്ന ആശുപത്രിളുടെ പേരില്‍, മാന്‍പവര്‍ സപ്ലൈ കമ്പനികളെ പോലെ പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികളിലൂടെയും സ്ഥാപനങ്ങള്‍ക്കിടയില്‍ താല്‍ക്കാലിക തൊഴിലാളി കൈമാറ്റം അനുവദിക്കുന്ന അജീര്‍ സേവനത്തിലൂടെയും ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ ലൈസന്‍സ് നല്‍കാവുന്നതാണെന്ന് പുതിയ ഭേദഗതികള്‍ വ്യക്തമാക്കുന്നു.
സ്വകാര്യ ആശുപത്രികള്‍ തങ്ങളുടെ ഡോക്ടര്‍മാര്‍ക്ക് അവരുടെ വര്‍ഗീകരണം, ലൈസന്‍സ്, ക്ലിനിക്കല്‍ പ്രിവിലേജുകള്‍ എന്നിവ അടിസ്ഥാനമാക്കി അവര്‍ക്ക് നല്‍കിയിരിക്കുന്ന അധികാരത്തിന് അനുസൃതമായി ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ഭേദഗതികള്‍ പറയുന്നു. ആശുപത്രികള്‍ ഡോക്ടര്‍മാര്‍ക്ക് അവരുടെ ക്ലിനിക്കല്‍ പ്രിവിലേജുകള്‍ വിശദീകരിക്കുന്ന രേഖയും നല്‍കണം.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പരിശീലനവും പരിചയസമ്പത്തും നൈപുണ്യവും ഉറപ്പാക്കാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ യോഗ്യതയും പരിചയസമ്പത്തും പരിശോധിക്കാന്‍ ആശുപത്രികള്‍ ക്ലിനിക്കല്‍ ക്രെഡന്‍ഷ്യല്‍സ് ആന്റ് പ്രിവിലേജസ് കമ്മിറ്റി എന്ന പേരില്‍ ആഭ്യന്തര കമ്മിറ്റി സ്ഥാപിക്കല്‍ നിര്‍ബന്ധമാണ്. മെഡിക്കല്‍ ഡയറക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ സര്‍ജറി, ഇന്റേണല്‍ മെഡിസിന്‍, എമര്‍ജന്‍സി, ഇന്റന്‍സീവ് കെയര്‍ തുടങ്ങിയ പ്രധാന വകുപ്പുകളുടെ തലവന്മാര്‍, മാനവ വിഭവശേഷി ഡയറക്ടര്‍, ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.