മക്ക: മക്കയിലെ വിശുദ്ധ ഹറമിലേക്കും മദീന മസ്ജിദുന്നബവിയിലേക്കും വരുമ്പോള്‍ തീര്‍ഥാടകര്‍ അധിക ലഗേജ് ഒഴിവാക്കണമെന്നും അത്യാവശ്യമായ അവശ്യവസ്തുക്കള്‍ മാത്രം കൈവശം വെക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ലഗേജുകള്‍ ഇരു ഹറമുകളിലും ഹാജിമാരുടെ നീക്കങ്ങള്‍ തടസ്സപ്പെടുത്തുകയും മറ്റു തീര്‍ഥാടകര്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് അത്യാവശ്യ സാധനങ്ങള്‍ മാത്രം കൈവശം വെക്കണമെന്നും വലിയ ബാഗുകള്‍ താമസസ്ഥലത്ത് സൂക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വെയില്‍ പ്രതിദിനം 100 ലേറെ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും ഹജ് സീസണില്‍ തിരക്കേറുന്നതോടെ പ്രതിദിന സര്‍വീസുകളുടെ എണ്ണം 140 ലേറെയായി ഉയരുമെന്നും സൗദി അറേബ്യ റെയില്‍വെയ്‌സ് വക്താവ് ഖാലിദ് അല്‍ഫര്‍ഹാന്‍ പറഞ്ഞു. ഹറമൈന്‍ റെയില്‍വെയില്‍ ഒരു ദിവസം നടത്തുന്ന ഏറ്റവും ഉയര്‍ന്ന സര്‍വീസാണിത്. ഹറമൈന്‍ റെയില്‍വെയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് ഹജ് സീസണിലാണെന്നും ഖാലിദ് അല്‍ഫര്‍ഹാന്‍ പറഞ്ഞു.
അതേസയമം, വെള്ളിയാഴ്ച അര്‍ധരാത്രി വരെ വിദേശത്ത് നിന്ന് 8,90,883 തീര്‍ഥാടകര്‍ എത്തിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വിമാന മാര്‍ഗം 8,46,415 ഹാജിമാരും ബസ് മാര്‍ഗം 41,646 തീര്‍ഥാടകരും കപ്പല്‍ മാര്‍ഗം 2,822 ഹാജിമാരുമാണ് എത്തിയത്. തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് എല്ലാ ശേഷികളും പ്രയോജനപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. എയര്‍പോര്‍ട്ടുകളിലും കരാതിര്‍ത്തി പോസ്റ്റുകളിലും തുറമുഖങ്ങളിലും ജവാസാത്ത് കൗണ്ടറുകളില്‍ വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ജവാസാത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group