റിയാദ് : കേളി കലാസാംസ്കാരിക വേദി അല്‍ഖര്‍ജ് ഏരിയയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് ‘മിന കേളി സോക്കര്‍ 2024’ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ യൂത്ത് ഇന്ത്യ എഫ് സി റിയല്‍ കേരള എഫ് സിയുമായി ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ യൂത്ത് ഇന്ത്യ എഫ് സി ലാന്റേണ്‍ എഫ് സിയേയും, റിയല്‍ കേരള എഫ് സി അല്‍ഖര്‍ജ് നൈറ്റ് റൈഡേഴ്സിനെയും പരാജയപ്പെടുത്തി.
യൂത്ത് ഇന്ത്യ എഫ് സി ലാന്റേണ്‍ എഫ് സിയുമായി ഏറ്റുമുട്ടിയ ആദ്യ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് യൂത്ത് ഇന്ത്യ വിജയിച്ചു. ഗോള്‍കീപ്പര്‍ ഷാമില്‍ സല്‍മാന്റെ മികവിലാണ് യൂത്ത് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. മല്‍സരത്തിലുടനീളം ആക്രമിച്ചു കളിച്ച ലാന്റേണ്‍ എഫ് സിയുടെ നിരവധി ആക്രമണങ്ങളാണ് ഗോള്‍കീപ്പര്‍ തടഞ്ഞത്. ഷൂട്ടൗട്ടില്‍ മൂന്ന് ഷൂട്ടുകള്‍ ഗോള്‍കീപ്പര്‍ തടുത്തു. യൂത്ത് ഇന്ത്യയുടെ നാലാമത് അവസരം പുറത്തേക്ക് പോയി. ആദ്യ സെമിയിലെ മികച്ച കളിക്കാരനായി യൂത്ത് ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ഷാമില്‍ സല്‍മാനെ തെരഞ്ഞെടുത്തു.
റിയല്‍ കേരള എഫ് സി അല്‍ഖര്‍ജ് നൈറ്റ് റൈഡേഴ്സുമായി മാറ്റുരച്ച രണ്ടാം സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റിയല്‍ കേരള എഫ്സി വിജയിച്ചു. കളിയുടെ രണ്ടാം മിനുട്ടില്‍ റിയല്‍ കേരളയുടെ പതിനൊന്നാം നമ്പര്‍ താരം ഷഹജാസ് നേടിയ ഒരു ഗോളിന് മുന്നിട്ടു നിന്നു. ഇരുപതാം മിനുട്ടില്‍ നൈറ്റ് റൈഡേഴ്സിന്റെ ഏഴാം നമ്പര്‍ താരം സാബിര്‍ ഗോള്‍ തിരിച്ചടിച്ചെങ്കിലും 38ആം മിനുട്ടില്‍ നജീബും അതിക സമയത്ത് ഷഹജാസും നേടിയ ഗോളുകളിലൂടെ റിയല്‍ കേരള ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു.
രണ്ടാം സെമിയിലെ മികച്ച കളിക്കാരനായി രണ്ടുഗോളുകള്‍ നേടിയ ഷഹജാസിനെ തെരഞ്ഞെടുത്തു.