ജിദ്ദ-മുസ്ലിം ലീഗ് നേതാവ് കുട്ടി അഹമ്മദ് കുട്ടിയുടെ രചനകളും ചിന്തകളും സർഗാത്മക പ്രവർത്തനങ്ങളും മുസ്ലിം ലീഗിൻ്റെ ധൈഷണിക അടിത്തറ ശക്തിപ്പെടുത്താൻ കാരണമായിട്ടുണ്ടെന്ന് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര അഭിപ്രായപ്പെട്ടു. ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച കുട്ടി അഹമ്മദ് കുട്ടി അനുസ്മരണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സാഹചര്യത്തിൽ പിന്നാക്ക ന്യൂനപക്ഷ അവർണ്ണ ദലിത് രാഷ്ട്രീയ മുന്നേറ്റത്തെ കുറിച്ച് നിരന്തരം പറയുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.
ഗ്രാമീണ വികസനത്തെ കുറിച്ച് വലിയ കാഴ്ച്ചപ്പാട് വെച്ചുപുലർത്തി. തദ്ദേശവകുപ്പ് മന്ത്രിയായപ്പോൾ വിപ്ലവകരമായ നിയമ നിർമ്മാണങ്ങൾ നടത്തുകയും അധികാര വികേന്ദ്രീകരണം നടപ്പാക്കാൻ വലിയ സംഭാവന ചെയ്യുകയും ചെയ്തു. മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയ അജണ്ടയിൽ പരിസ്ഥിതി വിഷയങ്ങൾ മുഖ്യ ഇനമാക്കാനും അതിന് വേണ്ടി പ്രത്യേകം സമിതികളുണ്ടാക്കി പ്രവർത്തിക്കാനും നേതൃത്വം നൽകിയത് കുട്ടി അഹമ്മദ് കുട്ടിയാണ്.
ആഴത്തിലുള്ള വായനയും പഠനവും ഗവേഷണവും നടത്തുന്നവർ രാഷ്ട്രീയ രംഗത്ത് വളരെ കുറഞ്ഞ് വരുന്ന കാലത്ത് ഈ മഹാ പണ്ഡിതൻ്റെ വിയോഗം നികത്താനാവാതെ കിടക്കുമെന്നും അരിമ്പ്ര ഓർമ്മിപ്പിച്ചു. എസ്.ഐ.സി സൗദി നാഷണൽ കമ്മറ്റി പ്രസിഡൻ്റ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സൗദി നാഷണൽ കെ എംസിസി സെക്രട്ടറി നാസർ വെളിയങ്കോട്,സെൻട്രൽ കമ്മറ്റി ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി,സി.കെ. റസാഖ് മാസ്റ്റർ,ജലാൽ തേഞ്ഞിപ്പലം,ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ്ങ് പ്രസിഡൻ്റ അഷ്റഫ് മുല്ലപ്പള്ളി,ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്,കോഴിക്കോട് ജില്ലാ സെക്രട്ടറി ബഷീർ കീഴില്ലത്ത്,നൗഫൽ ഉള്ളാടൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് അബ്ദുൽ ഫത്താഹ് താനൂർ അധ്യക്ഷത വഹിച്ചു.
താനൂർ മുനിസിപ്പൽ കെ.എം.സി.സി വയനാട് പ്രളയ ദുരിതാശ്വാസ ഫണ്ട് മണ്ഡലം കമ്മറ്റിക്ക് കൈമാറി.
ജനറൽ സെക്രട്ടറി സാദിഖ് ചിറയിൽ സ്വാഗതവും,ട്രഷറർ മുജീബ് റഹ്‌മാൻ തൊട്ടിയിൽ നന്ദിയും പറഞ്ഞു.
ആബിദ് മാടമ്പാട്ട്,സിഎം മർസൂഖ് താനൂർ,എം.കെ.അലവി താനാളൂർ,അഷ്റഫ് പൊൻമുണ്ടം,ഫാറൂഖ് ഹാജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.