1991 ജൂലൈ 11.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് നൈജീരിയ എയർവേയ്‌സിന്റെ 2120 നമ്പർ വിമാനം പറന്നുയർന്നു. ഹജ് കർമ്മം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്ന തീർത്ഥാടകരാണ് വിമാനത്തിനകം നിറയെ. കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് സോക്കോട്ടോയിലെ സാദിഖ് അബൂബക്കർ മൂന്നാമൻ അന്താരാഷ്ട്ര വിമാനത്താവളമാണ് ലക്ഷ്യം. ബന്ധുക്കളെ യാത്രയാക്കി ജിദ്ദ വിമാനതാവളത്തിൽനിന്ന് തിരിച്ചവർ ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെയുമായുള്ള വിമാനം ആകാശത്ത് അപ്പോഴും കാണുന്നുണ്ടായിരുന്നു. അവർക്ക് മുന്നിലേക്ക് തീ ഗോളമായി ആ വിമാനം താഴെ വീണു കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന പതിനാലു ജീവനക്കാരടക്കം 261 പേരും മരിച്ചു.
സൗദി അറേബ്യയിലുണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വിമാനാപകടത്തിന് ഇന്ന് 33 വയസ്. ജിദ്ദയിലെ പ്രവാസികളുടെ ഓർമ്മയിൽ ഇപ്പോഴും അണയാതെ കിടക്കുന്നുണ്ട് ഈ ദുരന്തം.
ടേക്ക് ഓഫിനിടെ ടയറുകൾ അമിതമായി ചൂടാകുകയും പൊട്ടിത്തെറിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ടയർ മാറ്റി സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും സമയം വൈകിയതിനാൽ പ്രൊജക്ട് മാനേജർ അനുവദിച്ചില്ലെന്നായിരുന്നു കണ്ടെത്തൽ. നൈജീരിയ എയർവേയ്‌സിനായി നാഷൻ എയർ കാനഡ പ്രവർത്തിപ്പിക്കുന്ന ഡഗ്ലസ് ഡിസി-8 ആയിരുന്നു വിമാനം. ഒരു കനേഡിയൻ എയർലൈൻ ഉൾപ്പെട്ട ഏറ്റവും മാരകമായ വ്യോമയാന ദുരന്തമായിരുന്നു ഇത്.
1968-ൽ നിർമ്മിച്ച വിമാനം നൈജീരിയ എയർവേയ്‌സിന് ലീസിന് നൽകിയതായിരുന്നു. നൈജീരിയൻ തീർഥാടകരെ ജിദ്ദയിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിനായി ഹോൾഡ്‌ട്രേഡ് സർവീസസിന് വിമാനം സബ്‌ലീസിന് നൽകി. മുൻ റോയൽ കനേഡിയൻ എയർഫോഴ്‌സ് പൈലറ്റായ 47 കാരനായ ക്യാപ്റ്റൻ വില്യം അലനായിരുന്നു വിമാനത്തിന്റെ പ്രധാന പൈലറ്റ്.
വിമാനം പറന്നുയർന്ന ഉടൻ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനം യാത്ര തുടങ്ങിയ സമയത്തുതന്നെ തീപ്പിടിച്ചുവെന്ന് ചുരുക്കം. അടുത്ത നിമിഷം തന്നെ വിമാനത്തിനകത്ത് പരിഭ്രാന്തി നിറഞ്ഞു. തീയുമായി ബന്ധപ്പെട്ട സർക്യൂട്ട് തകരാറുകൾ മൂലമുണ്ടായ മുന്നറിയിപ്പുകളാൽ ജീവനക്കാർ ഭയവിഹ്വലരായി. അടിയന്തിര ലാന്റിംഗ് അല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല. അപ്പോഴേക്കും വിമാനത്തിനകത്ത് പുക നിറഞ്ഞിരുന്നു.
വിമാനത്തിന്റെ ഫസ്റ്റ് ഓഫീസർ കെന്റ് ഡേവിഡ്‌ജ്, തനിക്ക് ഹൈഡ്രോളിക്‌സ് നഷ്‌ടപ്പെടുകയാണെന്ന് റിപ്പോർട്ട് ചെയ്‌തു. മോശം അവസ്ഥയാണെന്ന് നിലവിളിച്ച് ഫ്ലൈറ്റ് ഡയറക്ടർ കോക്ക്പിറ്റിലേക്ക് ഓടിക്കയറിയപ്പോഴാണ് വിമാന ജീവനക്കാർ തീപിടുത്തത്തെക്കുറിച്ച് അറിയുന്നത്. തനിക്ക് എയ്‌ലറോണുകൾ നഷ്ടപ്പെട്ടതായി ഡേവിഡ്‌ജ് അറിയിച്ചതോടെ അലൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അപ്പോഴേക്കും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ പണിമുടക്കി തുടങ്ങിയിരുന്നു. ഫ്ലൈറ്റ് പ്ലാൻ പാലിക്കുന്നില്ലെന്ന് വിമാനതാവളത്തിലെ എയർ ട്രാഫിക് കൺട്രോളർക്ക് മനസ്സിലായി. നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടെങ്കിലും കഴിയുന്നില്ലെന്ന് അലൻ പ്രതികരിച്ചു. വിമാനം തീപ്പിടിച്ച് തുടങ്ങിയിരുന്നു.
വിമാനത്തിന് തീപ്പിടിച്ചിരിക്കുന്നു. എമർജൻസി വാഹനങ്ങൾ ഒരുക്കിനിർത്തൂ. ടവറുമായുള്ള തൻ്റെ അവസാന ആശയവിനിമയത്തിൽ അലൻ പറഞ്ഞു.
വിമനത്താവളത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കത്തിത്തുടങ്ങിയ വിമാനം റൺവേ ലക്ഷ്യമാക്കി വന്നു. റൺവേക്ക് 2.875 കിലോമീറ്റർ അകലെ വിമാനം തകർന്നുവീണു. ഉരുകി കത്തിയാണ് വിമാനം നിലത്തെത്തിയത്. വിമാനം നിലത്തെത്തുംമുമ്പ് ചില യാത്രക്കാർ വിമാനത്തിൽനിന്ന് താഴേക്ക് വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന 247 യാത്രക്കാർ അടക്കം 261 പേരും മരിച്ചു. 14 ജീവനക്കാരിൽ ഒമ്പത് പേരെ തിരിച്ചറിഞ്ഞു. യാത്രക്കാരെ തിരിച്ചറിയാനായില്ല.
വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കും മുമ്പ് ലീഡ് മെക്കാനിക്, രണ്ട്, നാലു നമ്പർ ടയറുകളിൽ പ്രഷർ കുറവാണെന്ന് കണ്ടെത്തിയിരുന്നു. പ്രഷർ കൂട്ടാൻ നിർദ്ദേശിച്ചെങ്കിലും നൈട്രജൻ വാതകം പെട്ടെന്ന് ലഭ്യമായില്ല. കൂടുതൽ സമയം അനുവദിക്കാൻ പ്രോജക്ട് മാനേജർ തയ്യാറായതുമില്ല. ടയറിലെ മർദ്ദ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണം. ടയർ തകരാറിലായാൽ സ്വീകരിക്കേണ്ട സ്റ്റാൻഡേർഡ് നടപടിക്രമങ്ങൾ സ്വീകരിച്ചിരുന്നില്ല. വീൽ തകരാറിലായാൽ ടേക്ക് ഓഫ് അനുവദിക്കാൻ പാടില്ല. എന്നാൽ ഇവിടെ അക്കാര്യം പരിഗണിച്ചതേയില്ല.
സൗദി അറേബ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനദുരന്തമാണിത്. 1980 ഓഗസ്റ്റ് 19ന് റിയാദിലുണ്ടായ അപകടത്തിൽ 14 ജീവനക്കാർ അടക്കം 301 പേർ മരിച്ചിരുന്നു. കറാച്ചിയിൽനിന്ന് റിയാദ് വഴി ജിദ്ദയിലേക്കുള്ള വിമാനം തീപ്പിടിച്ചതിനെ തുടർന്ന് എമർജൻസി ലാന്റിംഗ് നടത്തി. എന്നാൽ എമർജൻസി വാതിലുകൾ തുറക്കാൻ സാധിക്കാത്തിനെ തുടർന്ന് വിമാനം കത്തിയമരുകയായിരുന്നു. മലയാളികളടക്കമുള്ള പ്രവാസികളുടെ ഓർമ്മകളിൽ ഇപ്പോഴും ആ ദുരന്തമുണ്ട്. അണയാത്തൊരു കനലായി.