റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് അല്‍ ഖലീജ് ഇഷ്ബിലിയയിലെ ഇസ്മ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ അഡ്വാന്‍സ്ഡ് മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെഎംസിസിയുടെ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പരിരക്ഷ 2025 ക്യാമ്പയിന്റെ ഭാഗമായാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 600 പേര്‍ക്കായി ചികിത്സാ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസത്തെ ക്യാമ്പ് ആയിരത്തോളം ആളുകള്‍ ഉപയോഗപ്പെടുത്തിയതായും ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ഒരു വര്‍ഷം സൗജന്യ ചികിത്സക്ക് ഉപകരിക്കുന്ന ഇസ്മ കെയര്‍ പ്ലസ് കാര്‍ഡ് വിതരണം ചെയ്യുമെന്നും ഇസ്മ മെഡിക്കല്‍ സെന്ററിന്റെ മാനേജ്‌മെന്റ് അറിയിച്ചു.
ബ്ലഡ് ടെസ്റ്റും സ്മാര്‍ട്ട് ബോഡി അനലൈസര്‍ ബി.എം.ഐ ബോഡി ടെസ്റ്റും കണ്ണുഡോക്ടറുടെയും ജനറല്‍ ഫിസിഷ്യന്റെയും പരിശോധനയുമടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് ക്യാമ്പില്‍ ഒരുക്കിയിരുന്നത്. ഡോ. അശ്വനി മോഹന്‍, ഡോ. അഫ്‌സല്‍ അബ്ദുല്‍ അസീസ്, ഡോ. സുമി തങ്കച്ചന്‍, ഡോ. മെഹ് വിഷ് ആസിഫ്, ഡോ. നമീറ സലീം എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പിലെ പരിശോധനകള്‍ നടന്നത്. കെഎംസിസിയുടെ മുപ്പതോളം പ്രവര്‍ത്തകരും ഇസ്മ മെഡിക്കല്‍ സെന്റര്‍ പാരാ മെഡിക്കല്‍ സ്റ്റാഫും മറ്റു ജീവനക്കാരും ക്യാമ്പ് നിയന്ത്രിച്ചു.
എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസ്മ മെഡിക്കല്‍ എം.ഡി. വി എം അഷ്‌റഫ്, ഓപ്പറേഷന്‍ ഡയറക്ടര്‍ മുസാദ് അല്‍ ഹാര്‍ഥി, അബീര്‍ സെയ്ഫാത്തി, ഫാഹിദ് ഹസ്സന്‍, റഫീഖ് പന്നിയങ്കര, ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാന്‍, പ്രെഡിന്‍ അലക്‌സ്, കെഎംസിസി ഭാരവാഹികളായ റിയാസ് തിരൂര്‍ക്കാട്, റഫീഖ് ചെറുമുക്ക്, യു. പി. നൗഷാദ്, നൗഫല്‍ തിരൂര്‍, ഷൗക്കത്ത് കടമ്പോട്ട്, ശുഹൈബ് പനങ്ങാങ്കര, ഉസ്മാന്‍അലി പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.