റിയാദ് – റിയാദ് മെട്രോയില്‍ ഏഴാമത്തെ പാതയുടെ ആദ്യ ഘട്ടം അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. റിയാദ് മെട്രോ ഏറ്റവും ഉയര്‍ന്ന നിലവാരം കൈവരിച്ചു. സര്‍വീസ് സമയനിഷ്ഠ 99.8 ശതമാനത്തിലെത്തി. 2024 ഡിസംബറില്‍ സര്‍വീസ് ആരംഭിച്ച ശേഷം 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ റിയാദ് മെട്രോ 12 കോടി യാത്രക്കാര്‍ക്ക് സേവനം നല്‍കി. സൗദിയില്‍ ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയിലെ സുപ്രധാന നാഴികക്കല്ലാണ് റിയാദ് മെട്രോ.
യഥാര്‍ഥ ജി.ഡി.പിയില്‍ എണ്ണ ഇതര മേഖലയുടെ സംഭാവന കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 55.4 ശതമാനത്തില്‍ എത്തി. 2016 മൂന്നാം പാദത്തില്‍ ഇത് 45.9 ശതമാനമായിരുന്നു. ഇത് സാമ്പത്തിക അടിത്തറയുടെ വൈവിധ്യവല്‍ക്കരണത്തിന്റെയും എണ്ണ ഇതര മേഖലകളുടെ വര്‍ധിച്ചുവരുന്ന പങ്കിന്റെയും വ്യക്തമായ സൂചകമാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സ്വന്തം ഉടമസ്ഥതയില്‍ വീടുകളുള്ള സൗദി കുടുംബങ്ങളുടെ അനുപാതം 65.4 ശതമാനത്തിലെത്തി.
ഇ-ഗെയിംസ് വ്യവസായം, കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകള്‍, സൈബര്‍ സുരക്ഷാ മേഖലകള്‍ ഒരു വര്‍ഷത്തിനിടെ 23 ശതമാനം മുതല്‍ 35 ശതമാനം വരെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. ചെറുപ്പം മുതലേ മാധ്യമ പ്രതിഭകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മീഡിയ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്ന് മീഡിയ ടാലന്റ് സ്‌കൂള്‍ ആരംഭിക്കാന്‍ സംയുക്ത പദ്ധതിയുണ്ടെന്നും മീഡിയ മന്ത്രി പറഞ്ഞു.
ഖിദ്ദിയ പദ്ധതി സൗദി വിഷന്‍ 2030 ന്റെ കേന്ദ്രബിന്ദുവാണെന്നും വിനോദം, കായികം, സംസ്‌കാരം, ടൂറിസം എന്നിവ സമന്വയിപ്പിച്ച് സംയോജിത ആശയം സ്വീകരിക്കുന്നുണ്ടെന്നും ഖിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല അല്‍ദാവൂദ് പറഞ്ഞു. ഖിദ്ദിയ സവിശേഷ നഗരമാണ്. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം, നാഷണല്‍ ടെന്നീസ് കോംപ്ലക്‌സ്, പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്റര്‍, നഗരത്തിന്റെ ഐഡന്റിറ്റി രൂപപ്പെടുത്താന്‍ സഹായിക്കുന്ന മറ്റേതാനും പ്രധാന പദ്ധതികള്‍ എന്നിവയുള്‍പ്പെടെ എഴുപതിലധികം അതുല്യ ആസ്തികള്‍ ഖിദ്ദിയ സിറ്റി ഒരു സ്ഥലത്ത് ഒരുമിച്ച് കൊണ്ടുവരുന്നു.
ഖിദ്ദിയ പദ്ധതിയുടെ ആദ്യ ആസ്തിയായ സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്ക് ഡിസംബര്‍ 31 ന് ഉദ്ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും വേഗതയേറിയതും ഉയരം കൂടിയതുമായ റോളര്‍ കോസ്റ്റര്‍ എന്ന നിലയില്‍ മൂന്ന് റെക്കോര്‍ഡുകള്‍ നേടുന്ന ഫാല്‍ക്കണ്‍ റോളര്‍ അടക്കം അഞ്ച് പ്രധാന റൈഡുകളിലൂടെ സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള അവസരം നല്‍കുന്നു. സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്ക് പണി പൂര്‍ത്തിയായി. വടക്കേ അമേരിക്കക്ക് പുറത്തുള്ള ആദ്യത്തെ സിക്‌സ് ഫ്‌ലാഗ്‌സ് പാര്‍ക്കും മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തീം പാര്‍ക്കുമാണ് റിയാദ് സിക്‌സ് ഫ്‌ളാഗ്‌സ് തീം പാര്‍ക്ക്. പ്രതിദിനം 10,000 സന്ദര്‍ശകരെ സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യ വര്‍ഷത്തില്‍ സന്ദര്‍ശകരുടെ എണ്ണം ഇരുപതു ലക്ഷം കവിയുമെന്ന് പ്രതീക്ഷിക്കുന്നു.
സിക്‌സ് ഫ്‌ലാഗ്‌സ് പാര്‍ക്കില്‍ 1,200 ലേറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 61 ശതമാനം പേര്‍ സൗദികളും 39 ശതമാനം പേര്‍ 41 രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സന്ദര്‍ശകര്‍ക്ക് കൂടുതല്‍ വൈവിധ്യം വാഗ്ദാനം ചെയ്യുന്ന അക്വേറിയ വാട്ടര്‍ പാര്‍ക്ക് വൈകാതെ തുറക്കും. അക്വേറിയ വാട്ടര്‍ പാര്‍ക്കിന്റെ 95 ശതമാനത്തിലധികവും പൂര്‍ത്തിയായി. റോഡുകള്‍, വൈദ്യുതി, ആശയവിനിമയം, അടിയന്തിര സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പദ്ധതിയുടെ ആദ്യ ഘട്ട അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
ഖിദ്ദിയ സിറ്റിക്കുള്ളില്‍ 100 കിലോമീറ്ററിലധികം നീളമുള്ള ആന്തരിക റോഡ് ശൃംഖല വികസിപ്പിക്കുന്നതും 13 പവര്‍ സ്റ്റേഷനുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതും കുടിവെള്ള സംവിധാനം വികസിപ്പിക്കുന്നതും ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഖിദ്ദിയയെ വിനോദത്തിന്റെയും കായിക വിനോദത്തിന്റെയും സംസ്‌കാരത്തിന്റെയും തലസ്ഥാനമാക്കുക എന്ന സൗദി കിരീടാവകാശിയുടെ ലക്ഷ്യം നടപ്പാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. തുടക്കം മുതല്‍ തന്നെ ഈ പദ്ധതിക്ക് കിരീടാവകാശിയുടെ പിന്തുണയും ശ്രദ്ധയും ലഭിച്ചു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തീം പാര്‍ക്കാണ് സിക്‌സ് ഫ്‌ളാഗ്‌സ്.
ഖിദ്ദിയ സ്പീഡ്വേ ഫോര്‍മുല-1 റേസുകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്നും 2034 ഫിഫ ലോകകപ്പിനുള്ള മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം തയ്യാറാകുമെന്നും അബ്ദുല്ല അല്‍ദാവൂദ് വെളിപ്പെടുത്തി. വരും കാലയളവില്‍ ഖിദ്ദിയയില്‍ 20 ഹോട്ടലുകള്‍ തുറക്കാന്‍ ലക്ഷ്യമിടുന്നു. ഖിദ്ദിയയുടെ വികസനം ഒരു നഗരത്തിന്റെ വികസനമാണ്. ഖിദ്ദിയ സിറ്റി മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 135 ബില്യണിലേറെ റിയാല്‍ സംഭാവന ചെയ്യുമെന്നും മൂന്നു ലക്ഷത്തിലേറെ ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അബ്ദുല്ല അല്‍ദാവൂദ് പറഞ്ഞു.



