മക്ക – വിശുദ്ധ ഹറമില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് ചാടിയ തീര്‍ഥാടകനെ സ്വന്തം ശരീരം മറയാക്കി രക്ഷിച്ച സുരക്ഷാ ഭടനെ സന്ദര്‍ശിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍. സെക്യൂരിറ്റി ഫോഴ്‌സസ് ആശുപത്രിയില്‍ സുരക്ഷാ ഭടനായ റയാന്‍ ബിന്‍ സഈദ് ബിന്‍ യഹ്‌യ ആലുഅഹ്‌മദ് അസീരിയെയാണ് മിശ്അല്‍ രാജകുമാരന്‍ സന്ദര്‍ശിച്ചത്. ഹീറോ…ഹീറോ…..ഹീറോ….എന്ന് പറഞ്ഞ് സുരക്ഷാ ഭടനെ പ്രശംസിച്ച ഡെപ്യൂട്ടി ഗവര്‍ണര്‍ അദ്ദേഹത്തിന്റെ വീരോചിതമായ പ്രവൃത്തിയെയും ധീരതയെയും കര്‍ത്തവ്യത്തോടുള്ള സമര്‍പ്പണത്തെയും അഭിനന്ദിച്ചു. റയാന്‍ അസീരിയുടെ പ്രവര്‍ത്തനങ്ങള്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥന്റെ മൂല്യങ്ങളും മാനുഷിക പെരുമാറ്റവും പ്രകടിപ്പിക്കുന്നതായും സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പറഞ്ഞു.
റയാന്‍ അസീരിയുടെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്ന മെഡിക്കല്‍ സ്റ്റാഫുമായി ഡെപ്യൂട്ടി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചും നല്‍കുന്ന മെഡിക്കല്‍ സേവനങ്ങളെ കുറിച്ചും അന്വേഷിച്ചു. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും കഴിഞ്ഞ ദിവസം റയാന്‍ അസീരിയുമായി ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ധീരതയെയും അര്‍പ്പണ മനോഭാവത്തെയും പ്രശംസിക്കുകയും ചെയ്തിരുന്നു.
തീര്‍ഥാടകന്‍ ഹറമിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടുന്നത് കണ്ട് സുരക്ഷാ ഭടന്‍ റയാന്‍ അസീരി തന്റെ കൈകള്‍ ഉപയോഗിച്ച് തീര്‍ഥാടകന്‍ നിലത്തടിച്ച് വീഴുന്നത് തടയുകയായിരുന്നു. ഇതിനിടെ തീര്‍ഥാടന്‍ ദേഹത്തിടിച്ച് റയാന്‍ അസീരിക്ക് പരിക്കേറ്റു. തീര്‍ഥാടകനും പരിക്കേറ്റിരുന്നു. തുടർന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://twitter.com/i/status/2006084556009660732



